Kerala

വയനാട് 16, പാലക്കാട് 10, ചേലക്കര 6; ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

കൽപറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും പിന്നിട്ടതോടെ മത്സരാര്‍ഥികളുടെ ചിത്രം തെളിഞ്ഞു. ആരും പത്രിക പിന്‍വലിക്കാത്തതിനാൽ 16 സ്ഥാനാര്‍ഥികളാണ് വയനാട് മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. പാലക്കാട് പത്തും ചേലക്കരയിൽ ആറും സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.

സ്ഥാനാർഥികൾക്ക് വരണാധികാരിയും ജില്ല കലക്ടറുമായ ഡി.ആര്‍. മേഘശ്രീയുടെ നേതൃത്വത്തിൽ ചിഹ്നം അനുവദിച്ചു. പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. ചേലക്കരയിൽ പി വി അൻവറിന്റെ ഡിഎംകെ പിന്തുണയുള്ള സ്ഥാനാർത്ഥി എൻ കെ സുധീറിന് ഓട്ടോറിക്ഷയാണ് ചിഹ്നം.

ചേലക്കരയിൽ 9 പേരാണ് നാമനിർദേശ പത്രിക നൽകിയത്. ഇതിൽ സിപിഐഎമ്മും ബിജെപിയും നിർത്തിയ ഡമ്മി സ്ഥാനാർഥികളുടെ പത്രിക തള്ളി. കൂടാതെ ഒരു സ്വതന്ത്ര സ്ഥാനാർഥി പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെ മത്സരരം​ഗത്തുള്ള സ്ഥാനാർത്ഥികൾ‌ ആറായി. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവരെ കൂടാതെ 8 സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരം​ഗത്തുണ്ട്.

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ ഒരാൾ കൂടി ഇന്ന് പത്രിക പിൻവലിച്ചു. രമേശ്‌ കുമാർ ആണ് ഇന്ന് പത്രിക പിൻവലിച്ചത്. ഇതോടെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നേർക്കുനേർ ഏറ്റുമുട്ടാൻ സ്വതന്ത്രർ അടക്കം പത്ത് പേരാണ് മത്സര രം​ഗത്തുള്ളത്.