Kerala

ലൈംഗിക പീഡനക്കേസ്​: ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ജാമ്യം

കൊച്ചി: ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. 2007ൽ നടന്നതായി ആരോപിക്കുന്ന സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുണ്ടായ കാലതാമസമടക്കം കണക്കിലെടുത്താണ് ജസ്‌റ്റിസ് സി എസ് ഡയസിന്റെ ഉത്തരവ്.

അറസ്റ്റ് ചെയ്‌താൽ ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തുല്യതുകയ്ക്കുള്ള രണ്ടാൾ ജാമ്യത്തിലും ജാമ്യം അനുവദിക്കണമെന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന് നിർദേശം നൽകി. നവംബർ 21 വരെ ഇതിന്‌ പ്രാബല്യമുണ്ട്. മുകേഷിനും ജയസൂര്യക്കുമെതിരെ പരാതി നൽകിയ നടിയാണ് ബാലചന്ദ്രമേനോനെതിരെയും ആരോപണം ഉന്നയിച്ചത്.

2007 ജനുവരി 1നും 21നുമാണ് ലൈംഗികാതിക്രമത്തിന് ആധാരമായ സംഭവങ്ങൾ ഉണ്ടായത് എന്നാണു പരാതിക്കാരി പറയുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പരാതി നൽകുന്നത് ഈ വർഷം സെപ്റ്റംബർ 30നാണ്. എന്തുകൊണ്ടാണ് പരാതി നൽകാൻ ഇത്രയും കാലതാമസമുണ്ടായത് എന്ന് ബോധ്യമാകുന്ന വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല. മാത്രമല്ല, ഇതു സംബന്ധിച്ച് സുപ്രീം കോടതിയുടെ മുൻവിധിന്യായങ്ങളുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണു മുൻകൂർ ജാമ്യം അനുവദിക്കുന്നതായി കോടതി ഉത്തരവിട്ടത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും അഭിഭാഷക വ്യക്തമാക്കി. തുടർന്ന് കേസ് നവംബർ 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

2007ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം, തന്നെ ഫോണിൽ വിളിച്ച്​ കേസ്​ കൊടുക്കുമെന്ന്​ പറഞ്ഞ്​​ നടി നേരത്തെ ഭീഷണിപ്പെടുത്തിയതായും പലർക്കുമെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച്​ പരാതി നൽകിയവരാണ്​ പരാതിക്കാരിയെന്നും ബാലചന്ദ്രമേനോൻ കോടതിയിൽ വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്​ എതിർ സത്യവാങ്​മൂലം നൽകേണ്ടതുണ്ടെന്ന്​ അറിയിച്ച സർക്കാർ മുൻകൂർ ജാമ്യ ഹരജിയെ എതിർത്തു. എന്നാൽ, വസ്തുതകളും മറ്റും പരിശോധിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.