പാലക്കാട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൂരവുമായി ബന്ധപ്പെട്ട ആരോപണം സംബന്ധിച്ച് ‘ഒറ്റതന്തയ്ക്ക് പിറന്നവന്മാരുണ്ടെങ്കില്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണ’മെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയോട് പ്രതികരിക്കാൻ മുഖ്യമന്ത്രിക്കോ സിപിഎമ്മുകാർക്കോ ധൈര്യമില്ലെന്ന് അദ്ദേഹം വിമർശിച്ചു. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
സി.പി.എമ്മിന് മറുപടി പറയാൽ ധൈര്യമില്ല. സുരേഷ്ഗോപി പറഞ്ഞത് ധിക്കാരമാണെന്ന് കോൺഗ്രസ് പറയുന്നുവെന്ന് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒറ്റതന്തയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിടാനാണ് സുരേഷ് ഗോപി പറഞ്ഞത്. മുഖ്യമന്ത്രിയോടായിരുന്നു പ്രതികരണം. ബി.ജെ.പി നേതാക്കന്മാരുടെ ആരോപണത്തിന് മറുപടി പറയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഏതെങ്കിലും സി.പി.എം കാരന്‍ കേന്ദ്ര മന്ത്രിയോട് താന്‍ എന്തൊരു ധിക്കാരമാണ് പറഞ്ഞതെന്ന് ചോദിച്ചോ? ഞങ്ങള്‍ ചോദിക്കുന്നു. എന്ത് ധിക്കാരമാണ് ഈ കേന്ദ്രമന്ത്രി പറഞ്ഞത്. ഈ ഭാഷയിലാണോ കേന്ദ്രമന്ത്രി സംസാരിക്കേണ്ടത്. ഇതെന്താ സിനിമയോ?, വി.ഡി സതീശന്‍ ചോദിച്ചു. കേന്ദ്രമന്ത്രിയെ കുറിച്ച് പറയാന്‍ സി.പി.എമ്മിന്റെ മുട്ട് വിറയ്ക്കുമെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.
സുരേഷ് ഗോപിയുടെ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന് മറുപടിയില്ലേയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ചോദിച്ചു. ഇത്ര പ്രകോപനപരവും അപകീർത്തികരവുമായ പ്രസ്‌താവന ഒരു കേന്ദ്രമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും ഒരക്ഷരം മിണ്ടാത്തത് പേടിച്ചിട്ടാണോ അതോ ഒത്തുതീർപ്പിന്റെ ഭാഗമായാണോ? ഇത്തരമൊരു പ്രസ്താവന കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.