Recipe

ചായക്കട രുചിയില്‍ തയ്യാറാക്കാം നല്ല മൊരിഞ്ഞ പത്തിരി

ചായക്കടകളില്‍ കിട്ടുന്ന മൊരിഞ്ഞ പത്തിരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. വളരെ രുചികരമായ ഒരു വിഭവമാണ് പത്തിരി. വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കുകയും ചെയ്യാം.

ആവശ്യമായ ചേരുവകള്‍

  • പെരുംജീരകപ്പൊടി
  • ഉപ്പ്
  • തേങ്ങ
  • കൊച്ചുള്ളി
  • എണ്ണ
  • പത്തിരിപ്പൊടി
  • മൈദ
  • എള്ള്

തയ്യാറാക്കുന്ന വിധം

പത്തിരി തയ്യാറാക്കുന്നതിനായി ഒരു ഉരുളിയിലേക്ക് കുറച്ച് വെള്ളം തിളപ്പിക്കാനായി വെയ്ക്കുക. ഇനി അതിലേക്ക് ഉപ്പ്, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് കൊടുത്ത് നല്ലപോലെ ഇളക്കുക. ഇനി ഒരുമിക്‌സിയുടെ ജാറിലേക്ക് ചിരകിയ തേങ്ങ, പെരുംജീരകം, കൊച്ചുള്ളി എന്നിവ ഒന്ന് ക്രഷ് ചെയ്യുക. ശേഷം ഇവ തിളച്ച വെള്ളത്തിലേക്ക് ചേര്‍ത്ത് കൊടുക്കണം. ഇനി ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ഇനി മറ്റൊരു ബൗളിലേക്ക് ഒന്നര കപ്പ് പത്തിരിപ്പൊടിയും അരക്കപ്പ് മൈദയും കൂടി ചേര്‍ത്ത് ഒന്ന് മിക്‌സ് ചെയ്യുക. ശേഷം ഇത് തിളക്കുന്ന വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് ഇളക്കി യോജിപ്പിക്കുക.

മാവ് ഒന്ന് ചൂടായി വരുമ്പോഴേക്കും മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി അതിലക്ക് കുറച്ച് കറുത്ത എള്ളും കുറച്ച് വെളിച്ചെണ്ണയും കൂടി ഒഴിച്ച് കൈകൊണ്ട് നല്ല മയത്തില്‍ ഒന്ന് കുഴച്ചെടുക്കാം. ശേഷം ചപ്പാത്തി പലക ഉപയോഗിച്ച് ഇതൊന്നു പരത്തി എടുക്കാം. ഇനി വൃത്താകൃതിയില്‍ കട്ട് ചെയ്ത് എടുക്കാം. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ചൂടുള്ള എണ്ണയിലേക്ക് ഇട്ട് ബ്രൗണ്‍ നിറമാകുന്നത് വരെ ഫ്രൈ ചെയ്‌തെടുക്കാം. വളരെ രുചികരമായ പത്തിരി തയ്യാര്‍.