Recipe

നെയ്യ് വട കഴിച്ചിട്ടുണ്ടോ? പത്ത് മിനിറ്റില്‍ തയ്യാറാക്കിയെടുക്കാം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവമാണ് നെയ്യ് വട. ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ തന്നെ നെയ്യ് വട വീട്ടിലും തയ്യാറാക്കാന്‍ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • മൈദ
  • പഞ്ചസാര
  • ഉപ്പ്
  • ബേക്കിംഗ് പൗഡര്‍
  • നെയ്യ്
  • പഞ്ചസാര
  • ഏലയ്ക്ക
  • റോസ് വാട്ടര്‍
  • എണ്ണ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ഒന്നര കപ്പ് മൈദ, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, കാല്‍ ടീസ്പൂണ്‍ ഉപ്പ്, അര ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ എന്നിവ ഇട്ട് നല്ലപോലെ ഒന്ന് മിക്‌സ് ചെയ്യുക. ഇനി ഇതിലേക്ക് കാല്‍ കപ്പ് നെയ്യ് ചേര്‍ത്ത് പുട്ടിന് കുഴക്കുന്ന പരുവത്തില്‍ കുഴച്ചെടുക്കുക. ഇനി ഇതിലേക്ക് കാല്‍കപ്പ് തൈരും കാല്‍കപ്പ് വെള്ളവും കൂടെ ചേര്‍ത്ത് ഒന്ന് കുഴച്ചെടുക്കുക. ശേഷം ഒരു 15 മിനിറ്റ് നേരത്തേക്ക് ഇതിന്റെ പുറത്ത് ഒരു നനഞ്ഞ തുണി ഇട്ടു മൂടിവെക്കുക.

ഇനി ഒരു പാത്രത്തിലേക്ക് പഞ്ചസാര, ഏലയ്ക്ക പൊടി, റോസ് വാട്ടര്‍, വെള്ളം എന്നിവ ചേര്‍ത്ത് ചൂടാക്കി പാനിയാക്കി എടുക്കുക. ശേഷം നമ്മള്‍ കുഴച്ചു മാറ്റിവച്ചിരിക്കുന്ന മാവ് ചെറിയ ഉരുളയാക്കി ഉരുട്ടിയെടുത്ത ശേഷം വിരല്‍ കൊണ്ട് നടുക്ക് ഭാഗത്ത് ദ്വാരമുണ്ടാക്കുക. ശേഷം ഇവ എണ്ണ ചൂടാക്കി അതിലേക്ക് ഇട്ടു കൊടുക്കുക. ചെറിയ ചൂടില്‍ എണ്ണയിലിട്ട് ഇത് വറുത്തശേഷം പഞ്ചസാരപ്പാനിയിലേക്ക് ഇട്ടുകൊടുത്ത് എടുക്കുക. വളരെ രുചികരമായ നെയ്യ് വട തയ്യാര്‍.