ലഡാക്ക്: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലെ (എൽ.എ.സി) സംഘർഷ ഭൂമിയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂർത്തിയായി. ഡെംചോക്, ഡെപ്സാങ് മേഖലകളിൽ നിന്നാണ് നേരത്തെയുള്ള ധാരണപ്രകാരം സൈനിക പിന്മാറ്റം പൂർത്തിയാക്കിയത്.
മേഖലയിൽ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കും. ഒക്ടോബർ 29ഓടെ പിന്മാറ്റം പൂർത്തിയാകുമെന്ന് സൈനിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഇരുകൂട്ടരും താൽക്കാലികമായൊരുക്കിയ തമ്പുകളും നീക്കംചെയ്തു. പിന്മാറ്റം പൂർത്തിയായെന്ന് ഇരുരാജ്യങ്ങളും പരിശോധിച്ച് ഉറപ്പാക്കും.
മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും പട്രോളിങ് നടത്താനുമുള്ള ധാരണയിൽ ഇന്ത്യയും ചൈനയും എത്തിയിരുന്നു. റഷ്യയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ മോദി – ഷീ കൂടിക്കാഴ്ച നടക്കുകയും ചെയ്തതോടെയാണ് സൈനിക പിന്മാറ്റത്തിലേക്ക് കാര്യങ്ങളെത്തിയത്.
സേനാപിന്മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി ആദ്യം നയതന്ത്രതലത്തിലാണ് അംഗീകരിക്കപ്പെട്ടത്. ഇതിന് പിന്നാലെ സൈനികതലത്തിലും ചർച്ചകൾ നടന്ന് ധാരണയിലെത്തുകയായിരുന്നു.