India

കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ, ചൈന സൈനിക പിന്മാറ്റം പൂർത്തിയായി

ലഡാക്ക്: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലെ (എൽ.എ.സി) സംഘർഷ ഭൂമിയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂർത്തിയായി. ഡെംചോക്, ഡെപ്സാങ് മേഖലകളിൽ നിന്നാണ് നേരത്തെയുള്ള ധാരണപ്രകാരം സൈനിക പിന്മാറ്റം പൂർത്തിയാക്കിയത്.

മേഖലയിൽ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കും. ഒക്ടോബർ 29ഓ​ടെ പിന്മാറ്റം പൂ​ർ​ത്തി​യാ​കു​മെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ നേരത്തെ അ​റി​യി​ച്ചിരുന്നു. ഇ​രു​കൂ​ട്ട​രും താ​ൽ​ക്കാ​ലി​ക​മാ​യൊ​രു​ക്കി​യ ത​മ്പു​ക​ളും നീ​ക്കം​ചെ​യ്തു. പിന്മാറ്റം പൂർത്തിയായെന്ന് ഇരുരാജ്യങ്ങളും പരിശോധിച്ച് ഉറപ്പാക്കും.

മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും പ​ട്രോ​ളി​ങ് നടത്താനുമുള്ള ധാ​ര​ണ​യിൽ ഇന്ത്യയും ചൈനയും എത്തിയിരുന്നു. റ​ഷ്യ​യി​ൽ ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്കി​ടെ മോ​ദി – ഷീ ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സൈ​നി​ക പി​ന്മാ​റ്റ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​യ​ത്.

സേനാപിന്മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി ആദ്യം നയതന്ത്രതലത്തിലാണ് അംഗീകരിക്കപ്പെട്ടത്. ഇതിന് പിന്നാലെ സൈനികതലത്തിലും ചർച്ചകൾ നടന്ന് ധാരണയിലെത്തുകയായിരുന്നു.