Travel

ഒറ്റ കാഴ്ചയിൽ അത്ഭുതം തീർക്കും; പോകാം മിറാക്കിൾ മൗണ്ടിലേക്ക്! | miracle-mount-takes-wonder-of-view

ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് പെരിയാർ വന്യജീവിസങ്കേതത്തോട് ചേർന്നുകിടക്കുന്ന തേക്കടി.തേക്കടിയുടെ പ്രവേശനകവാടമായ കുമളിയിൽനിന്നു മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ കാഴ്ചയുടെ വസന്തം തീർക്കുന്ന മറ്റൊരിടമുണ്ട്. മിറാക്കിൾ മൗണ്ട്.പരുന്തുംപാറയും രാമക്കൽമേടുംപോലെ ഇടുക്കിയുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ വരുന്ന വിനോദസഞ്ചാരികൾക്കു പരിചിതമല്ലാത്ത ഒരു മനോഹരപ്രദേശമാണ് മിറാക്കിൾ മൗണ്ട്.

കുറഞ്ഞ കാലംകൊണ്ട് പ്രകൃതിഭംഗികൊണ്ടും ദൃശ്യമനോഹാരിത കൊണ്ടും സഞ്ചാരികളെ ആകർഷിക്കാൻ മിറാക്കിൾ മൗണ്ടിന് കഴിഞ്ഞു.സമുദ്രനിരപ്പിൽനിന്ന്‌ 3800 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മലയിൽനിന്ന്‌ നോക്കിയാൽ പെരിയാർ കടുവാസങ്കേതം, രാമക്കൽമേട് കാറ്റാടിപ്പാടം, മംഗളാദേവി മലനിരകൾ, മുല്ലപ്പെരിയാർ തടാകം, കുമളി ടൗൺ, തേക്കടി, അട്ടപ്പള്ളം, അമരാവതി, ഒട്ടകത്തലമേട്, പത്തുമുറി, മുരുക്കടി, ചെങ്കര, വണ്ടിപ്പെരിയാർ, ഗ്രാമ്പി, പട്ടുമല തുടങ്ങി പ്രദേശങ്ങളും ദൃശ്യമാണ്.

കുന്നിൻമുകളിൽനിന്ന് ഒറ്റനോട്ടത്തിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഒട്ടനേകം സ്ഥലങ്ങൾ കാണാൻകഴിയുന്ന ഈ പ്രദേശത്തു സ്ഥലങ്ങൾ അതിന്റെ മനോഹാരിതയിൽ ദൃശ്യമാകുന്നതിനായി വാച്ച് ടവർപോലെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. ശാന്തവും സമാധാനപൂർണമായ അന്തരീക്ഷവും ശുദ്ധവായുവും ആസ്വദിക്കുന്നതിനും സഞ്ചാരികൾക്കു ക്യാമ്പിങ് പോലുള്ള സൗകര്യങ്ങളും ഒരുക്കാം.ഹൈക്കിങ്, ട്രെക്കിങ് പോലുള്ള സൗകര്യങ്ങൾ ഈ പ്രദേശത്തെ കൂടുതൽ പ്രശസ്തമാക്കുകയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയുംചെയ്യും. സഞ്ചാരികളെ ആകർഷിക്കുന്ന റോപ് വേ പോലുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കാൻ കഴിഞ്ഞാൽ കുമളി വിനോദസഞ്ചാരമേഖലയ്ക്കു പുത്തൻ പ്രതീക്ഷ നൽകും.

STORY HIGHLLIGHTS: miracle-mount-takes-wonder-of-view