ഒട്ടാവ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരേ ആരോപണവുമായി കനേഡിയന്‍ സര്‍ക്കാര്‍. കാനഡയിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ ആണെന്നാണ് ആരോപണം. ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രമാണ് ഷായ്‌ക്കെതിരേ കനേഡിയന്‍ അധികൃതര്‍ ആരോപണം ഉന്നയിച്ച കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
കാനഡയിലെ സിഖ് വംശജരെ ലക്ഷ്യമിട്ട് ഇന്ത്യ രഹസ്യാന്വേഷണം നടത്തുന്നതും വിവരങ്ങള്‍ ശേഖരിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ക്ക് പിന്നില്‍ ആഭ്യന്തര മന്ത്രിയുടെ ഉത്തരവാണെന്നു കാനഡ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ ആരോപിച്ചു. കാനഡയിലെ പാർലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ദേശീയ സുരക്ഷാ കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഡേവിഡ് മോറിസണ്‍ വിവരിച്ചു.
കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യമിടുന്നത് അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചത് വാഷിംഗ്ടണ്‍ പോസ്റ്റായിരുന്നു. ഈ റിപ്പോർട്ട് തന്നെ ഉദ്ധരിച്ചാണെന്നാണ് ഡേവിഡ് മോറിസണ്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാല്‍ അമിത് ഷായുടെ ഏത് ഉത്തരവാണ് എന്നതടക്കമുള്ള കാര്യങ്ങളില്‍ ഡേവിഡ് മോറിസണ്‍ വ്യക്തത വരുത്തിയിട്ടില്ല. ഷായാണ് ഇടപെട്ടതെങ്കില്‍ അത് എങ്ങനെയാണ് കാനഡ അറിഞ്ഞതെന്ന കാര്യത്തിലും മോറിസണ്‍ വിശദീകരണം നല്‍കിയിട്ടില്ല.