തിരുവനന്തപുരം: ദീപാവലി ആഘോഷവേളയിലെ യാത്രാത്തിരക്കു കണക്കിലെടുത്ത്, തിരക്കേറിയ പാതകളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ദീപാവലിക്കാലത്ത് 58 പ്രത്യേക ട്രെയിനുകൾ 272 സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്, ഏറെ തിരക്കുള്ള തിരുവനന്തപുരം നോർത്ത് –ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് – എസ്എംവിടി, ബെംഗളൂരു – തിരുവനന്തപുരം നോർത്ത്, കോട്ടയം – എംജിആർ ചെന്നൈ സെൻട്രൽ – കോട്ടയം, യശ്വന്ത്പുർ – കോട്ടയം – യശ്വന്ത്പുർ പാതകളിൽ ഉൾപ്പെടെയാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക. ദീർഘദൂര പാതകളിലും അന്തർസംസ്ഥാന പാതകളിലും വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി മറ്റു സേവനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റെയിൽവെ വ്യക്തമാക്കി.