ശബരിമല: വെർച്വൽ ക്യു ബുക്ക് ചെയ്യാതെയെത്തുന്ന ശബരിമല തീർഥാടകർക്ക് കർശന നിയന്ത്രണങ്ങളോടെ പാസ് നൽകി ദർശനത്തിന് അവസരമൊരുക്കാൻ തീരുമാനം. ദേവസ്വം ബോർഡും പൊലീസും നടത്തിയ ചർച്ചയിൽ ഇതു സംബന്ധിച്ച് ധാരണയിലെത്തി. മുൻപ് സ്പോട് ബുക്കിങ്ങിനായി ഇടത്താവളങ്ങളിൽ ഉൾപ്പെടെ കൗണ്ടറുകൾ ഏർപ്പെടുത്തിയിരുന്നു. ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും.
ഫോട്ടോയും തിരിച്ചറിയൽ രേഖയായി ആധാറും നിർബന്ധമാക്കും. ഇങ്ങനെ ദർശനത്തിന് അവസരം നൽകുന്നതിന് ‘സ്പോട് ബുക്കിങ്’ എന്നു തന്നെ പേരിടണോ എന്ന കാര്യത്തിൽ തീരുമാനമായില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവരുമായി എഡിജിപി എസ്.ശ്രീജിത്ത് ഇന്നലെ നടത്തി. ചർച്ചയിലെ ധാരണകൾ മുഖ്യമന്ത്രിയെ അറിയിക്കും. സർക്കാരാണ് അന്തിമ തീരുമാനം എടുക്കുക. ഇടത്താവളങ്ങളിൽ ഇത്തരത്തിൽ സ്പോട് ബുക്കിങ് വേണ്ടന്നാണു പൊലീസിന്റെ നിർദേശം. വെർച്വൽ ക്യു ഇല്ലാതെ വരുന്ന തീർഥാടകർക്ക് നിലയ്ക്കലിലോ പമ്പയിലോ പാസ് നൽകി ദർശനത്തിനു കടത്തിവിടാനാണ് ആലോചന. ഫോട്ടോ ഉൾപ്പെടെയുള്ള പാസാണു നൽകുന്നത്.