ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന മേഖലയെ സ്തംഭിപ്പിച്ച വ്യാജ ബോംബ് ഭീഷണി ചെറുക്കാനായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സുരക്ഷാ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. ഇത്തരത്തിൽ വരുന്ന ഭീഷണികളുടെ ഗൗരവം പരിശോധിക്കാൻ പുതിയ മാനദണ്ഡങ്ങൾ നിർദേശങ്ങളിലുണ്ട്.
ഒരു വിമാനം അടിയന്തര ലാൻഡിങ്ങിനും പരിശോധനയ്ക്കും വിധേയമാക്കുന്നതിനു മുൻപ് ഭീഷണി പുറപ്പെടുവിച്ചയാൾ വ്യാജ പ്രൊഫൈലിലാണോ, ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധമുണ്ടോ, ഭീഷണിയുമായി ബന്ധിപ്പിക്കാവുന്ന ഏതെങ്കിലും സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. വിമാനത്തിൽ വിഐപി, വിവിഐപി തലത്തിലുള്ള വ്യക്തികളുണ്ടോയെന്നും പരിഗണിക്കും. അഞ്ഞൂറിലധികം വ്യാജ ബോംബ് ഭീഷണികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ പരിഷ്കാരം.