ജറുസലം: ലബനൻ നഗരമായ ബാൽബെക്കിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. മുഴുവൻ താമസക്കാരും ഒഴിഞ്ഞു പോകണമെന്ന് ഇന്നലെ അന്ത്യശാസനം നൽകിയതിനു പിന്നാലെയായിരുന്നു ആക്രമണം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട റോമൻ ക്ഷേത്ര സമുച്ചയങ്ങൾ ഉൾപ്പെടുന്നതാണ് ഈ മേഖല. ഹിസ്ബുല്ലയുടെ റദ്‌വാൻ സംഘത്തിന്റെ ഡപ്യൂട്ടി കമാൻഡറെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന അറിയിച്ചു.
ഗാസയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. പലസ്തീൻ പ്രദേശങ്ങളിൽ യുഎൻ പലസ്തീൻ അഭയാർഥിസംഘടനയെ (യുഎൻആർ ഡബ്ല്യൂഎ) നിരോധിച്ച് തിങ്കളാഴ്ച ഇസ്രയേൽ പാർലമെന്റ് നിയമം പാസാക്കിയതിനെതിരെ ലോകവ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നിരോധനവുമായി മുന്നോട്ടു പോകാനാണ് ഇസ്രയേൽ നീക്കമെങ്കിൽ രാജ്യാന്തര നിയമപ്രകാരമുള്ള നടപടികൾ അവർക്കു നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇതു സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന തലവൻ അന്റോണിയോ ഗുട്ടെറസ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് കത്തയച്ചു.