കൊല്ലം: ലൈംഗികാരോപണ കേസിൽ ഉൾപ്പെട്ട കൊല്ലം കരുനാഗപ്പള്ളി നഗരസഭ ചെയര്മാൻ കോട്ടയിൽ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. ചെയർമാൻ സ്ഥാനത്ത് നിന്ന് കോട്ടയിൽ രാജുവിനെ ഉടൻ മാറ്റിയേക്കും. താൽക്കാലിക ജീവനക്കാരിയോട് ലൈംഗിക ചുവയോടെ പെരുമാറിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് പാർട്ടി നടപടി.
ഭർത്താവിൻ്റെ ചികിത്സാ സഹായത്തിനായി സമീപിച്ച കരുനാഗപ്പള്ളി നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയോട് ചെയർമാൻ കോട്ടയിൽ രാജു ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് പരാതി. പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തി കേസെടുത്തതിന് പിന്നാലെ വിഷയം കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് ചർച്ച ചെയ്തു.
പിന്നാലെ പ്രതിപക്ഷ സംഘടനങ്ങൾ ചെയർമാൻ്റെ രാജി ആവശ്യപെട്ട് സമരത്തിലാണ്. സിപിഎം അനുഭാവിയാണെന്ന് വ്യക്തമാക്കിയ യുവതി കോട്ടയിൽ രാജുവിനെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. പാർട്ടി ജില്ലാ നേതൃത്വം ചെയർമാനോട് വിശദീകരണം തേടി.
ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയിൽ രാജു ദിവസങ്ങൾക്കുള്ളിൽ ചെയർമാൻ സ്ഥാനമൊഴിയുമെന്നാണ് സൂചന. തനിക്കെതിരായ പരാതിയിൽ ഗൂഡാലോചനയുണ്ടെന്നാണ് കോട്ടയിൽ രാജു പാർട്ടിക്ക് നൽകിയ വിശദീകരണം. പാർട്ടിക്കുള്ളിൽ നിന്ന് ചിലർ നടത്തുന്ന ഗൂഢാലോചനയാണ് പരാതിക്ക് പിന്നിൽ എന്നും രാജുവിന്റെ അടുപ്പക്കാർ പറയുന്നു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിന്റെ ഭാഗം കൂടിയാണ് പരാതിയെന്നാണ് കോട്ടയിൽ രാജുവിനെ അനുകൂലിക്കുന്നവരുടെ വാദം.