പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും രേഖപ്പെടുത്തും. കണ്ണൂരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയിൽ എത്തിയേക്കും. മരിക്കുന്നതിന് മുമ്പുള്ള ആശയ വിനിമയത്തെക്കുറിച്ചാവും ചോദിച്ചറിയുക. പ്രശാന്തിനെ പ്രതി ചേർക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം പരിശോധിക്കുമെന്നാണ് സൂചന. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് കുടുംബത്തിൻറെ ആവശ്യം.
നേരത്തെ നടത്തിയ പ്രാഥമിക മൊഴിയെടുപ്പിൽ കണ്ണൂർ ജില്ലാ കലക്‌ടർക്കെതിരെയും കുടുംബം മൊഴി നൽകിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പരാതിക്കാരനായ പ്രശാന്തനെതിരെയും കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരിക്കൽ കൂടി മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
നവീൻ ബാബു തെറ്റുപറ്റി എന്നു പറഞ്ഞെന്ന കണ്ണൂർ കലക്‌ടറുടെ മൊഴി കെട്ടിച്ചമച്ചതാണെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിന്റെ തുടക്കത്തിലൊരിടത്തും പറയാത്ത കാര്യം കേസിന്റെ നിർണായക ഘട്ടത്തിൽ വന്നത് കുറ്റക്കാരെ സഹായിക്കാനാണെന്നും നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. കലക്‌ടറുടെ മൊഴി റവന്യൂ വകുപ്പിന് കൈമാറിയ പ്രാഥമിക റിപ്പോർട്ടിൽ ഇല്ലെന്ന് മന്ത്രി കെ.രാജനും വ്യക്തമാക്കിയിരുന്നു.