പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സിലാണെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയതെന്നും അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ തന്നെ ആക്രമിച്ചു. അവിടെനിന്ന് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ പൊക്കിയെടുത്ത് രക്ഷിച്ചത്. അവിടെ നിന്നാണ് ആംബുലന്‍സില്‍ കയറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കിയ സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു
‘ആംബുലന്‍സ് എന്ന് പറഞ്ഞ് നിങ്ങള്‍ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലന്‍സില്‍ കയറി എന്നുപറഞ്ഞയാളിന്റെ മൊഴി പൊലീസ് എടുത്തെങ്കില്‍ അത് അവിടെ ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടിയുടെ ഭാരവാഹിയാണ്. മൊഴി പ്രകാരം എന്താ പൊലീസ് കേസ് എടുക്കാത്തത്. താന്‍ വെല്ലുവിളിക്കുന്നു; സുരേഷ് ഗോപി പറഞ്ഞു.
പൂരനഗരിയില്‍ സുരേഷ് ഗോപി ആംബുലന്‍സിലാണ് എത്തിയതെന്ന് പറഞ്ഞത് ബിജെപി ജില്ലാ പ്രസിഡന്റ് ആണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടി ഇങ്ങനെ; എയര്‍പോര്‍ട്ടില്‍ കാര്‍ട്ടുണ്ട്. ആ കാര്‍ട്ടില്‍ പോകുന്നത് കണ്ട് സുരേഷ് ഗോപി നേരെ കാര്‍ട്ടിലാണ് എയര്‍ പോര്‍ട്ടില്‍ എത്തിയതെന്ന് പറഞ്ഞാലോ?. നിങ്ങള്‍ അന്വേഷിക്കൂ ആംബുലന്‍ എവിടെയാണ് ഉണ്ടായിരുന്നതെന്ന്. റിങിനകത്ത്, വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍, അതുമാത്രമല്ല പൂരം കണ്ടുനില്‍ക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടായാല്‍ കൊണ്ടുപോകാനുള്ള ക്രമീകരണമാണ് അത്. താന്‍ പതിനഞ്ച് ദിവസം ഒരു കാലില്‍ ഇഴഞ്ഞാണ് പ്രവര്‍ത്തനം നടത്തിയത്. ആ കണ്ടീഷനില്‍ അത്രയാളുകളുടെ ഇടയിലൂടെ തനിക്ക് പോകാന്‍ പറ്റുന്നില്ല.