Thiruvananthapuram

സൈബര്‍ തട്ടിപ്പിനെതിരേ വീണ്ടും മുന്നറിയിപ്പുമായി പോലീസ്: വ്യാജ ഷെയര്‍ മാര്‍ക്കറ്റ് ആപ്ലിക്കേഷനുകള്‍ വഴി മുന്‍ പ്രവാസിയുടെ 6 കോടിയോളം രൂപ തട്ടിയെടുത്തു

പ്ലേസ്റ്റോറില്‍ നിന്ന് ആല്ലാതെ വിവിധ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി കിട്ടുന്ന വ്യാജ ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം

വ്യാജ ഷെയര്‍ മാര്‍ക്കറ്റ് ആപ്ലിക്കേഷനുകള്‍ വഴി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ആളെ പറ്റിച്ച് കോടികള്‍ തട്ടി. ഏകദേശം ആറ് കോടിയോളം രൂപയാണ് വ്യാജ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് ലാഭമുണ്ടാക്കിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തത്. ഇതോടെ തലസ്ഥാന നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നിരവധി പേരാണ് സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായിരിക്കുന്നത്. കേന്ദ്ര ഏജന്‍സി ചമഞ്ഞ് മൊബൈല്‍ അറസ്റ്റ് നടത്തി പണം തട്ടിക്കല്‍.

ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിക്കല്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഇത്തരം സംഘങ്ങളുടെ കൈയ്യില്‍പ്പെട്ടാല്‍ വലിയ നഷ്ടം സംഭവിക്കുമെന്നാണ് പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കുന്നത്. തട്ടിപ്പുകള്‍ തടയാന്‍ പോലീസ് കൃത്യമായി അന്വേഷണങ്ങള്‍ നടത്തുന്നുമുണ്ട്. എന്നാല്‍, തെളിവുകള്‍ ഇല്ലാത്തതും, രാജദ്യത്തിന്റെ പലഭാഗങ്ങളിലുമിരുന്ന് കമ്പ്യൂട്ടര്‍ വഴി നടത്തുന്ന തട്ടിപ്പുകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്.

എങ്കിലും മിക്ക കേസുകള്‍ക്കും തുമ്പുണ്ടാക്കാനും പ്രതികളെ പിടിക്കാനും പോലീസിന് സാധിച്ചിട്ടുണ്ട്. അതിനു വേണ്ടത്, തട്ടിപ്പിന് ഇരയാകുന്നു എന്ന് തകിരിച്ചറിയുമ്പോള്‍ തന്നെ പോലീസിനെ വിവരമറിയിക്കുക എന്നതാണ്. വളരെ ജാഗ്രതയോടെ മാത്രമേ ഓണ്‍ലൈന്‍ വഴിയുള്ള ട്രേഡിംഗിനും മറ്റ് സംവിധാനങ്ങളിലും ഇടപെടാനെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുന്‍ പ്രവാസിയെയും ഇത്തരത്തിലാണ് തട്ടിച്ചിരിക്കുന്നതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് വ്യക്തമാക്കുന്നു. തട്ടിപ്പിന്റെ രീതി ഇങ്ങനെ:

സ്ഥിരമായി Zerodha Platform ല്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് ചെയ്തിരുന്ന ആളെ Zerodha യുടെയും Vijay Bajaj Contest Community യുടെയും വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും ട്രേഡിംഗിനു വേണ്ടിയുളള വിവിധ ഗ്രൂപ്പുകളില്‍ ചേര്‍ത്ത് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചും അതിന്റെ വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യിപ്പിച്ച ശേഷം പല കമ്പനികളുടെ ട്രേഡിംഗിനായി വിവിധ പേരിലുളള അക്കൗണ്ടുകളിലേയ്ക്ക് ലക്ഷക്കണക്കിന് രൂപ ഡിപ്പോസിറ്റ് ചെയ്യിപ്പിച്ചു വന്‍തുകള്‍ ലാഭം കിട്ടിയതായി കാണിച്ച് വിശ്വസിപ്പിക്കുന്നു.

തുടര്‍ന്ന് രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രോഫിറ്റിന്റെ 20 ശതമാനം തുക വീണ്ടും നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യത്തില്‍ സംശയം തോന്നി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. ഏകദേശം ഒരു മാസക്കാലയളവില്‍ 6 കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ തട്ടിച്ചെടുത്തത്.

പരാതിക്കാരന്‍ ദീര്‍ഘകാലം വിദേശത്ത് ഐടി മേഖലയില്‍ ജോലി നോക്കിയ ആളും വിരമിച്ച ശേഷം നാട്ടിലെത്തി 2 വര്‍ഷമായി ഓണ്‍ലൈന്‍ ട്രേഡിംഗില്‍ ഏര്‍പ്പെട്ട് വരവെയാണ് ഈ തട്ടിപ്പിനിരയായത്.  ട്രേഡിംഗുമായി ബന്ധപ്പെട്ട് ടിയാന്‍ വിവിധ വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചത് പിന്തുടര്‍ന്നാണ് തട്ടിപ്പുകാര്‍ ടിയാനെ ഇത്തരത്തില്‍ ഇരയാക്കിയത്. പേരുകേട്ട ട്രേഡിംഗ് കമ്പനികളുടെ വ്യാജപതിപ്പുകള്‍ വഴി ധാരാളം പേരെ ഇത്തരത്തില്‌ഴ ചതിച്ച് വന്‍തുകള്‍ തട്ടിയെടുക്കുന്നു.

പ്ലേസ്റ്റോറില്‍ നിന്ന് ആല്ലാതെ വിവിധ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി കിട്ടുന്ന വ്യാജ ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ National Cyber Crime Reporting Portal  ലിന്റെ 1930 എന്ന ഫോണ്‍ നമ്പരിലോ www.cybercrime.gov.in ലോ ഉടന്‍ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

CONTENT HIGHLIGHTS;Police warn again against cyber fraud: Rs 6 crore ex-pat was extorted through fake share market applications

Latest News