കുവൈറ്റിലെ തൊഴിൽ വിപണിയിലെ വലിയ പ്രവാസി തൊഴിൽ ശക്തി ഇന്ത്യക്കാരാണെന്ന് കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, അഞ്ച് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി നാന്നൂറ്റി മുപ്പത്തി ഏഴ് ഇന്ത്യക്കാരാണ് രാജ്യത്തെ സ്വകാര്യ-പൊതുമേഖലകളിലായി ജോലി ചെയ്യുന്നതെന്നാണ് വ്യക്തമാക്കുന്നത്.
2024-ന്‍റെ രണ്ടാം പാദത്തിന്‍റെ അവസാനത്തോടെ, ഇന്ത്യയിൽ നിന്ന് 18,464 പുതിയ തൊഴിലാളികളാണ് പുതുതായി കുവൈത്തിലെത്തിയത്. എന്നാൽ ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്നവരെ ഉൾപ്പെടുത്താതെ ഉള്ളതാണ് ഈ കണക്ക്. ഈജിപ്തുകാരാണ് പ്രവാസികളിൽ രണ്ടാമത്തെ തൊഴിൽ ശക്തി. നാല് ലക്ഷത്തി എഴുപതിനാലായിരത്തി നൂറ്റി രണ്ടു തൊഴിലാളികളാണ് ഈജിപ്തുകാരായി കുവൈറ്റിൽ ഉള്ളത്.
മൂന്നാമതുള്ള ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണം ഒരു ലക്ഷത്തി എൺപതിനായിരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നേപ്പാൾ സ്വദേശികളായ തൊഴിലാളികളുടെ എണ്ണം എൺപത്തിയാറായിരമായി വലിയ തോതിൽ വർദ്ധിച്ചതായും സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.