Thiruvananthapuram

തിരുവനന്തപുരം നഗരസഭയ്ക്ക് UN- ഷാങ്ഹായ് ഗ്ലോബൽ പുരസ്കാരം, അഭിനന്ദിച്ച് മന്ത്രി എം.ബി രാജേഷ്

സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ UN- ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം കോർപ്പറേഷനെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. യുഎന്‍ ഹാബിറ്റാറ്റിന്റെയും, ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലുള്ള ആഗോള സംരംഭമാണ് നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള UN ഷാങ്ഹായ് അവാര്‍ഡിനു തിരുവനന്തപുരം കോര്‍പ്പറേഷനെ തിരഞ്ഞെടുത്തത്.

ബ്രിസ്ബെയിന്‍ (ഓസ്ട്രേലിയ), സാല്‍വഡോര്‍ (ബ്രസീല്‍) പോലെയുള്ള നഗരങ്ങളാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം നേടിയത്. ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യത്തെ നഗരമാണ് തിരുവനന്തപുരം. ഈജിപ്തിലെ അലക്സാൻഡ്രിയയിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട്‌ സിറ്റി സി ഇ ഒ രാഹുൽ ശർമ്മയും പുരസ്കാരം ഏറ്റുവാങ്ങും. കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് പുരസ്കാരമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം നഗരത്തിന്റെ ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണ്. രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാക്കാനാവുന്ന നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ഈ ചുവടുവെപ്പുകൾക്ക് ആഗോളാംഗീകരം നേടാനായത് ആവേശകരമാണ്. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും തിരുവനന്തപുരം നിവാസികളെയും മന്ത്രി അഭിവാദ്യം ചെയ്തു .

നഗരങ്ങളുടെ പുരോഗതി, ഭരണം, പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാർഡ് നിർണയിച്ചത്. ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ നിന്ന്, സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കും, നഗരസുരക്ഷാ മാനദണ്ഡങ്ങള്‍ക്കും, നഗര ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദഗ്ധർ അടങ്ങിയ അന്താരാഷ്ട്ര ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

വിജയികള്‍ക്ക് ഫലകവും, ട്രോഫിയും സമ്മാനിക്കും. നിലവിൽ 2025 ജൂണ്‍ 5 നു ട്രിവാൻഡ്രം ക്ലൈമറ്റ് ബജറ്റ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. സുസ്ഥിര നഗരമെന്നും, സോളാര്‍ നഗരമെന്നുമുള്ള നിലയില്‍ വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങളും നഗരസഭ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 17000 കിലോവാട്ട് സോളാര്‍ പാനല്‍, 2000 സോളാര്‍ തെരുവ് വിളക്കുകള്‍, എല്ലാ തെരുവ് വിളക്കുകളും എല്‍.ഇ.ഡി ലൈറ്റാക്കല്‍, പൊതുഗതാഗത സൗകര്യത്തിനായി 115 ഇലക്ട്രിക ബസുകള്‍,

തൊഴില്‍ രഹിതര്‍ക്കായി 100 ഇലക്ട്രിക്കല്‍ ഓട്ടോ, 35 ഇലക്ട്രിക് സ്കൂട്ടര്‍ തുടങ്ങി നിരവധി പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കി. അഞ്ഞൂറിലധികം ഓഫീസുകൾ സോളാർ ആക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്താനിരിക്കുകയാണ്. ഇങ്ങനെ വൈവിധ്യവും വിപുലമായ പ്രവർത്തനങ്ങളാണ് കോർപറേഷൻ നടത്തുന്നത്.ഈ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും നഗരസഭയെ തേടിയെത്തിയിട്ടുണ്ട്. രണ്ട് മാസം മുൻപാണ് കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി സ്വനിധി PRAISE പുരസ്കാരം നഗരസഭ സ്വന്തമാക്കിയത്.

കേന്ദ്രസർക്കാരിന്റെ ഹൌസിംഗ് ആൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ രണ്ട് ദേശീയ പുരസ്കാരങ്ങൾ രണ്ട് ആഴ്ച മുൻപാണ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കിയത്. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന് കീഴിലെ ഹഡ്കോ ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ രണ്ട് വിഭാഗത്തിലാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്.

സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിൽ സിറ്റി 2.0 യ്ക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ അപൂർവം നഗരങ്ങളിലൊന്നാവാനും തിരുവനന്തപുരത്തിന് കഴിഞ്ഞു. അമൃത് 1 പദ്ധതി നടത്തിപ്പിലെ മികവിന്റെ അടിസ്ഥാനത്തിൽ 10 കോടി രൂപയുടെ പ്രത്യക ഇൻസെന്റീവും കേന്ദ്രസർക്കാരിൽ നിന്ന് നഗരസഭ നേടിയെടുത്തിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി, ആർദ്രകേരളം പുരസ്കാരം, വയോസേവന പുരസ്കാരം,

ഭിന്നശേഷി സൌഹൃദനഗരസഭ തുടങ്ങി നഗരസഭയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾ നീളുന്നു. ഈ പ്രവർത്തനങ്ങൾക്കാകെ നേതൃത്വം നൽകിയ മേയർ ആര്യാ രാജേന്ദ്രന് ടൈംസ് ബിസിനസ് അവാർഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മേയർക്ക് ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരമാണ് ലഭിച്ചത്.

CONTENT HIGHLIGHTS;Thiruvananthapuram Municipality received UN-Shanghai Global Award, Minister MB Rajesh felicitated

Latest News