UAE

ഹൈപ്പർമാർക്കറ്റ് നിർമാണത്തിൽ കൈകോർക്കും; ലുലു-മോഡോൺ ധാരണാപത്രം ഒപ്പിട്ടു

ഹൈപ്പർമാർക്കറ്റുകളുടെ നിർമാണത്തിന് ലുലു ഗ്രൂപ്പ് അബൂദബിയിലെ മൊഡോൺ ഹോൾഡിങുമായി കൈകോർക്കുന്നു. യു.എ.ഇയിലും ഈജിപ്തിലും ഹൈപ്പർമാർക്കറ്റുകളും റീട്ടെയിൽ കേന്ദ്രങ്ങളും നിർമിക്കാൻ ഇരു സ്ഥാപനങ്ങളും ധാരണാപത്രം ഒപ്പിട്ടു.

മോഡോൻ ഹോൾഡിങ് ചെയർമാൻ ജാസിം മുഹമ്മദ് ബൂ അതാബ അൽസഅബി എന്നിവരുടെ സാന്നിധ്യത്തിൽ മോഡോൺ സി.ഇ.ഒ ബിൽ ഓ റാഗനും, ലുലു സി.ഇ.ഒ സൈഫി രൂപാവാലയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ ഈജിപ്തിലും യു.എ.ഇയിലും റീട്ടെയിൽരംഗത്ത് വികസന സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടെ സ്ഥാപനങ്ങൾ നിർമിക്കാൻ ഇരു സ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിക്കും.

സ്മാർട്ട് റീട്ടെയിൽ സംവിധാനങ്ങൾ, ചരക്കുനീക്കത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ, പുതിയ റീട്ടെയിൽ സാങ്കേതികവിദ്യകളുടെ വികസനം എന്നിവക്കും ലുലുവും മോഡോണും യോജിച്ച് പ്രവർത്തിക്കുമെന്ന് സ്ഥാപനം വാർത്താകുറിപ്പിൽ അറിയിച്ചു.