Kerala

‘ആറ് ചാക്കിലായി കോടികൾ ബിജെപി ഓഫീസിൽ എത്തിച്ചു’; കൊടകര കുഴൽപ്പണക്കേസിൽ വൻ വെളിപ്പെടുത്തൽ

കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ വെട്ടിലാക്കി ഗുരുതര വെളിപ്പെടുത്തൽ. കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ചെന്ന് കേസിലെ സാക്ഷിയും ബിജെപി തൃശൂര്‍ ജില്ലാ മുൻ ഓഫീസ് സെക്രട്ടറിയുമായ തിരൂർ സതീഷ് വെളിപ്പെടുത്തി. പാർട്ടി ഓഫിസിലാണ് കോടികള്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആറ് ചാക്കുകളിലായാണ് പണം ഓഫീസിൽ എത്തിച്ചതെന്ന് സതീഷ് വെളിപ്പെടുത്തി. ധർമരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണു കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് ഈ പണം കൈകാര്യം ചെയ്തതെന്നും സതീഷ്പറഞ്ഞു.

”രാത്രി 11 മണി നേരത്താണ് പണം എത്തിയത്. ഓഫീസ് പൂട്ടാൻ നിന്നപ്പോൾ വൈകി അടച്ചാൽ മതിയെന്നു പറഞ്ഞിരുന്നു. പ്രചാരണ സാമഗ്രികൾ വരുന്നുണ്ടെന്നാണു പറഞ്ഞിരുന്നത്. സാധനം എത്തിയപ്പോൾ അതിനു വേണ്ട സഹായങ്ങളും ചെയ്തിരുന്നു. തലേന്നു രാത്രി പണം കൊണ്ടുവന്നപ്പോൾ എടുത്തുവയ്ക്കുകയും തൊട്ടടുത്ത ദിവസം രാവിലെ മുതൽ കാവൽനിൽക്കുകയും ചെയ്യുക മാത്രമാണ് ഞാൻ ചെയ്തത്. പണം എവിടെനിന്നു വന്നതാണെന്ന കാര്യം പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങളൊന്നും നേതാക്കൾ പറയാറില്ല. ജില്ലാ ഭാരവാഹികളാണു പണം കൈകാര്യം ചെയ്തിരുന്നത്.”

പൊലീസ് വിളിച്ചപ്പോൾ മൊഴി കൊടുത്തിരുന്നുവെന്നും സതീഷ് പറഞ്ഞു. നേതാക്കന്മാർ പറഞ്ഞതിന് അനുസരിച്ചാണു മൊഴി കൊടുത്തത്. കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് വിചാരണാഘട്ടത്തിലെത്തിയിട്ടില്ല. ആ സമയത്ത് യാഥാർഥ്യങ്ങൾ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുമുൻപ് കാര്യങ്ങൾ പറഞ്ഞു എന്നു മാത്രം.
29 വർഷമായി ബിജെപി പ്രവർത്തകനാണ് ഞാൻ. പഞ്ചായത്തുതലം മുതൽ പ്രവർത്തിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. കൊടകരയിൽ കവർച്ച നടന്ന കാര്യം ഞാൻ അറിഞ്ഞിട്ടില്ല. തൊട്ടടുത്ത ദിവസം മാധ്യമവാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും സതീഷ് പറഞ്ഞു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് തൃശൂരിലെ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്ന സംഭവം നടന്നത്. അപകടത്തിൽ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പരാതി ഉയർന്നത്. പിന്നീട് മൂന്നരക്കോടി വരെ നഷ്ടപ്പെട്ടെന്ന് പരാതിയുണ്ടായി. തൃശൂരിൽനിന്ന് ആലപ്പുഴയിലേക്കു പണം കൊണ്ടുപോകും വഴിയായിരുന്നു അപകടം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു കണ്ടെത്തുന്നത്. പണം കർണാടകയിൽനിന്ന് എത്തിച്ചയാണെന്നും കണ്ടെത്തലുണ്ടായിരുന്നു.