തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീഷിനെതിരെ ബിജെപി തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ.കെ.അനീഷ് കുമാര്‍. തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎമ്മാണെന്ന് അനീഷ് കുമാര്‍ പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയ സാധ്യത തടയാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അനീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎമ്മാണ്. സാമ്പത്തിക ക്രമക്കേടടക്കം പരാതികളെ തുടര്‍ന്ന് ഏറെ കാലം മുന്‍പ് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സതീഷിനെ നീക്കിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് സതീഷ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ആരോപണം ഉന്നയിക്കാന്‍ ഇത്രയും വൈകിയതിന്റെ കാരണം എന്താണെന്ന് മാത്രമാണ് ഇപ്പോള്‍ സംശയം. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയ സാധ്യത തടയാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പണം കിട്ടിയാല്‍ എന്തും പറയുന്ന ആളാണ് സതീഷ്.
‘അങ്ങനെ വിവരങ്ങള്‍ അറിയാമെങ്കില്‍ എന്തുകൊണ്ട് രണ്ട് വര്‍ഷമായി സതീഷ് ഇക്കാര്യം പൊലീസിനോട് പറഞ്ഞില്ല. ഉപതെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് താനോ സുരേന്ദ്രനോ ആ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രണ്ട് പേരും രണ്ട് മണ്ഡലത്തിലായിരുന്നു. ഇതിന് കോള്‍ രജിസ്റ്റര്‍ തെളിവായുണ്ടെന്നും അനീഷ് പറഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് അന്വേഷണവും നടത്തട്ടെ.’
‘ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മരാജനെ കണ്ടിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ എടുത്ത് നല്‍കാന്‍ വന്ന ആള്‍ക്ക് താമാസ സൗകര്യം ഏര്‍പ്പെടുത്താന്‍ ഓഫീസ് സെക്രട്ടറിക്ക് അധികാരമുണ്ട്. തെരഞ്ഞെടുപ്പ് സാമഗ്രി എത്തിക്കാന്‍ ചുമതലപ്പെടുത്തിയ ആളാണ് ധര്‍മരാജന്‍. നടപടിക്ക് ശേഷം ഇയാള്‍ ബിജെപി ഓഫീസില്‍ ഉണ്ടായിരുന്നില്ല.’അനീഷ് കുമാര്‍ പറഞ്ഞു.