Kerala

‘നികത്താനാവാത്ത നഷ്ടം’:യാക്കോബായ സഭാ അധ്യക്ഷന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. തന്റെ ജീവിതമാകെ സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകള്‍ക്കു സാരഥ്യം വഹിക്കുന്നവരില്‍ ഏറ്റവും അനുഭവ സമ്പത്തുള്ള വ്യക്തിയായിരുന്നു ബാബാ തിരുമേനി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. തന്റെ ജീവിതമാകെ സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്. യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയില്‍ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നല്‍കിയത്. പ്രയാസഘട്ടങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ സഭയെ സംരക്ഷിച്ചു നിര്‍ത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ ക്രൈസ്തവ മേല്‍പട്ടക്കാരില്‍ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിര്‍ന്ന പിതാക്കന്മാരില്‍ ഒരാളായിരുന്നു അഭിവന്ദ്യ തോമസ് പ്രഥമന്‍ ബാവ. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സമര്‍പ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത. ഒന്നിന്റെയും മുന്നില്‍ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു. മറ്റൊരു സവിശേഷത, അര്‍ഹതപ്പെട്ടതു നേടിയെടുക്കാനായി ഏതറ്റം വരെയും പോകുന്ന അദ്ദേഹത്തിന്റെ സ്ഥൈര്യമായിരുന്നു; നിലപാടുകളില്‍ അചഞ്ചലനായിരുന്നു അദ്ദേഹം. ഈ രണ്ടു പ്രത്യേകതകളും ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അര്‍ത്ഥത്തെ അന്വര്‍ത്ഥമാക്കുന്ന വ്യക്തിത്വമായി അഭിവന്ദ്യ ബാവാ തിരുമേനിയെ മാറ്റിയിരുന്നു.

22 വര്‍ഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവ. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകള്‍ക്കു സാരഥ്യം വഹിക്കുന്നവരില്‍ ഏറ്റവും അനുഭവ സമ്പത്തുള്ള വ്യക്തിയായിരുന്നു ബാബാ തിരുമേനി. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാവട്ടെ, സാമൂഹ്യ മേഖലയിലാവട്ടെ, സംവാദത്തിന്റെ മേഖലയിലാവട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാവട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്.

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഒക്കെയായി അതിവിശാലമായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ, ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.