യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിസന്ധിഘട്ടങ്ങളില്‍ യാക്കോബായ സഭയെ മുന്നോട്ട് നയിക്കുന്നതിനുള്ള ഊര്‍ജവും ശക്തിയുമാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ വിശ്വാസി സമൂഹത്തിന് നല്‍കിയതെന്ന് വിഡി സതീശന്‍ പറഞ്ഞു. തനിക്ക് അദ്ദേഹവുമായി കാല്‍ നൂറ്റാണ്ടു കാലത്തെ ആത്മബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സമരഭരിതമായ താപസജീവിതമായിരുന്നു കാലം ചെയ്ത യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റേത്. പ്രതിസന്ധിഘട്ടങ്ങളില്‍ യാക്കോബായ സഭയെ മുന്നോട്ട് നയിക്കുന്നതിനുള്ള ഊര്‍ജവും ശക്തിയുമാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ വിശ്വാസി സമൂഹത്തിന് നല്‍കിയത്. കാറും കോളും നിറഞ്ഞ കാലങ്ങളില്‍ യാക്കോബായ സഭയെ പോരാളിയുടെ വീര്യത്തോടെ, വീഴ്ചകളില്ലാതെ നയിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജീവിതം നല്‍കിയ അനുഭവപാഠങ്ങളും ഇടമുറിയാത്ത പ്രാര്‍ഥനയുമാണ്.
എനിക്ക് അദ്ദേഹവുമായി കാല്‍ നൂറ്റാണ്ടു കാലത്തെ ആത്മബന്ധമുണ്ട്. അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ ബലത്തിലാണ് തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ജീവിതത്തിലുടനീളം തെളിയിച്ചിട്ടുണ്ട്. ‘ഞാന്‍ നല്ല പോര്‍ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു. അതു കൊണ്ട് നീതിയുടെ കിരീടം എനിക്കായി ഒരുക്കി വെച്ചിരിക്കുന്നു’ എന്ന വചനത്തില്‍ അടിയുറച്ച് വിശ്വസിച്ച ആത്മീയാചാര്യന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ധീരനായ ഇടയന് വിട.