Travel

ഇൻകകളുടെ മറഞ്ഞ തട്ടകം; ഷെർലക് ഹോംസിനെ ഭ്രമിപ്പിച്ച ആമസോൺ നഗരം! | amazon-lost-city-paititi-special-story

ആമസോൺ. ലോകത്തിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന വൻകാടുകൾ പരിസ്ഥിതിപരമായി വളരെ പ്രാധാന്യമുള്ളവയാണ്. അനേകം സംസ്കാരങ്ങളും ഗോത്രങ്ങളും ചരിത്രശേഷിപ്പുകളും ഈ വൻകാട് വഹിക്കുന്നു. പെറുവിൽ അധികാരസ്ഥാനമുറപ്പിച്ചിരുന്നവരാണ് ഇൻകാ വംശജർ. ഇന്നത്തെ കാലത്തെ പെറു, ചിലെ, ബൊളീവിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിൽ പരന്നുകിടക്കുന്ന സാമ്രാജ്യമായിരുന്നു ആൻഡീസ് മലനിരകൾ ആസ്ഥാനമാക്കിയുള്ള ഇൻകാ വംശം. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ എഡി 1533 വരെ ഈ സംസ്കാരം നിലനിന്നു. പൗരാണിക നഗരമായ കസ്കോയാണ് ഇൻകകളുടെ തലസ്ഥാനം.

തെക്കേ അമേരിക്കയിൽ കപ്പലുകളടുത്ത് അവിടെ സ്പാനിഷ് സംഘങ്ങളെത്തിയതോടെ ഇൻകകൾ ശക്തി ക്ഷയിച്ചുതുടങ്ങി. അവർ മറ്റു സ്ഥലങ്ങളിലേക്കു പോയി. ആമസോണിനുള്ളിൽ അവർ പോയ അവസാന നഗരമായിരുന്നു പൈറ്റിറ്റിയെന്നാണ് പലരുടെയും വിശ്വാസം. സ്വർണവും വെള്ളിയും രത്നങ്ങളും മറ്റ് അമൂല്യവസ്തുക്കളും നിറയെയുള്ള ഈ നഗരം ആമസോൺ കാട്ടിൽ എവിടെയോ സ്ഥിതി ചെയ്യുന്നെന്ന് ചിലർ കരുതുന്നു. ഇതിനായുള്ള തിരച്ചിലും ശക്തമാണ്. ഷെർലക് ഹോംസ് കഥകളുടെ സ്രഷ്ടാവായ സർ ആർതർ കോനൻ ഡോയ്‌ലിന്റെ മറ്റൊരു ഗംഭീരകൃതിയാണ് ലോസ്റ്റ് വേൾഡ്. ഈ കഥയ്ക്ക് ആധാരമായത് പൈറ്റിറ്റിയെപ്പറ്റിയുള്ള കേട്ടുകേൾവികളാണ്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ഒട്ടേറെ സാഹസികർ പൈറ്റിറ്റി തേടിയിറങ്ങിയിട്ടുണ്ട്. എന്നാൽ കിട്ടിയിട്ടില്ല. പല വിദഗ്ധരും പൈറ്റിറ്റിയെ കെട്ടുകഥയായി തള്ളുമ്പോൾ ചിലർ അങ്ങനെയങ്ങു വിടാൻ പാടില്ലെന്നാണു പറയുന്നത്. അതിനു കാരണമുണ്ട്. ഒട്ടേറെ മൺമറഞ്ഞ നഗരങ്ങളും ആദിമ പാർപ്പിട സങ്കേതങ്ങളുമൊക്കെ ആമസോണിൽ കണ്ടെത്തിയിട്ടുണ്ട് എന്നതിനാലാണ് അത്. ആമസോൺ മേഖലയി‍ൽ പെടുന്ന ബൊളീവിയൻ കാടുകൾക്കുള്ളിൽ അടുത്തിടെ ഒരു വൻനഗരം കണ്ടെത്തിയിരുന്നു. ആദിമകാലത്ത് സ്ഥിതി ചെയ്തിരുന്ന ഈ നഗരത്തിന്റെ ശേഷിപ്പുകൾ ഹെലിക്കോപ്റ്ററിൽ ലേസർ ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പര്യവേക്ഷണത്തിലാണു തെളിഞ്ഞത്. നൂറ്റാണ്ടുകളായി കാടും പടലും വളർന്നു വനമേഖലയായി മാറിയിട്ടുണ്ട് ഈ നഗരം. ബൊളീവിയയിലെ ലാനോസ് ഡി മോജോസ് മേഖലയിലാണ് ഈ ആദിമനഗരം വെട്ടപ്പെട്ടത്. പല നഷ്ടനഗരങ്ങളെയും പോലെ പൈറ്റിറ്റിയും ഭാവനയിൽ നിൽക്കുകയാണ്.

STORY HIGHLLIGHTS:  amazon-lost-city-paititi-special-story