Kerala

ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് കൈപ്പത്തി നഷ്ടമായി

തിരുവനന്തപുരം: ദീപാവലി ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങള്‍ക്കിടയില്‍ പടക്കം കൈയ്യില്‍ ഇരുന്നു പൊട്ടി യുവാവിന്റെ കൈപ്പത്തി നഷ്ടമായി. മുല്ലൂര്‍ തലക്കോട് സ്വദേശി നയന്‍ പ്രഭാതിനാണ്[20] ഈ അപകടം സംഭവിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. തുന്നിച്ചേര്‍ക്കാന്‍ സാധിക്കാത്തവിധം മാംസം വേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് നയന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റിയത്.

സുഹൃത്തുക്കളോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഒരു അമിട്ട് പടക്കം കത്തിച്ച് റോഡിലേക്ക് എറിഞ്ഞുവെങ്കിലും അത് പൊട്ടിയില്ല. എന്നാല്‍ ആ സമയത്ത് റോഡിലൂടെ ലോറി കടന്നുവരുന്നത് കണ്ടതിനെ തുടര്‍ന്ന് കത്തിച്ചെറിഞ്ഞിരുന്ന പടക്കം ഓടിയെത്തി എടുത്തുമാറ്റാന്‍ ശ്രമിച്ചു. ആ സമയത്ത് പടക്കം കൈയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ വലതു കൈയിലെ മാംസ ഭാഗങ്ങള്‍ ചിന്നിച്ചിതറി.

യുവാവിനെ ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത നിലയില്‍ മാംസം ചിതറിയതിനാല്‍ കൈപ്പത്തി മുറിച്ചുമാറ്റുകയായിരു. യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.