അബുദാബി: യുഎഇ യില്‍ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. പുതിയ സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കും. വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് രണ്ട് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്.
സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതിയാണ് നിലവില്‍ നീട്ടിയിരിക്കുന്നത്. ഇതിനോടകം തന്നെ ആയിരക്കണക്കിന് അനധികൃത താമസക്കാരാണ് തങ്ങളുടെ താമസം നിയമവിധേയമാക്കിയത്. അതുപോലെതന്നെ നിരവധി പേരാണ് താമസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.
യു.എ.ഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നീട്ടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി.