ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം ഇനി 25 മണിക്കൂറാവുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് ഭൂമിയിലെ ദിവസത്തിന്റെ ദൈര്‍ഘ്യം 18 മണിക്കൂറായിരുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കാനേ പോകുന്നില്ല. ഇതു രണ്ടും വസ്തുതകളാണെന്നാണ് ശാസ്ത്രപഠനം പറയുന്നത്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ പതിയെ അകന്നു പോകുന്നതുകൊണ്ടാണ് ദിവസത്തിന്റെ ദൈര്‍ഘ്യത്തില്‍ ഇങ്ങനെ മാറ്റങ്ങളുണ്ടാകുന്നത്. ഒന്നും രണ്ടും വര്‍ഷങ്ങളെടുത്തല്ല കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നതാണ് ആശ്വാസകരമായ കാര്യം. ‘സ്‌കേറ്റിങ് നടത്തുന്നവര്‍ കൈകള്‍ നിവര്‍ത്തി പിടിക്കുമ്പോള്‍ വേഗം കുറയുന്നത് കണ്ടിട്ടില്ലേ. അതുപോലെയാണ് ചന്ദ്രന്റെ ആകര്‍ഷണം മൂലം സമുദ്ര ജലം ഭൂമിയില്‍ നിന്നും വലിഞ്ഞു നില്‍ക്കുമ്പോഴുണ്ടാവുന്നത്. ഇത് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതയും സാവധാനം കുറയുന്നുണ്ട്’ വിസ്‌കോസിന്‍ മാഡിസണ്‍ സര്‍വകലാശാല പ്രൊഫസറും ജിയോസയന്റിസ്റ്റുമായ സ്റ്റീഫന്‍ മേയേഴ്‌സ് പറയുന്നു.
ഭൂമിയില്‍ നിന്നും ഏകദേശം 3,84,400 കീലോമീറ്റര്‍ അകലെയാണ് ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 27.3 ദിവസങ്ങളെടുത്താണ് ചന്ദ്രന്‍ ഭൂമിക്കു ചുറ്റുമുള്ള ഭ്രമണം പൂര്‍ത്തിയാക്കുന്നത്. ഓരോ വര്‍ഷം കൂടുമ്പോഴും 1.5 ഇഞ്ച് ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അകലുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഓരോ വര്‍ഷവും ഭൂമിയെ ഭ്രമണം ചെയ്യാന്‍ കൂടുതല്‍ സമയം ചന്ദ്രന് വേണ്ടി വരുന്നുവെന്നാണ് ഇതിനര്‍ഥം. അങ്ങനെ അകന്നകന്നു പോയി ഭൂമിയുടെ ഒരുഭാഗത്തു നിന്നു മാത്രം ചന്ദ്രനെ കാണാനാവുന്ന കാലം വരുമെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നുണ്ട്.
പഠനത്തിന്റെ ഭാഗമായി മേയേഴ്‌സും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഭൂമിയുടെ ചരിത്രത്തില്‍ നിന്നും ഏറെകാര്യങ്ങള്‍ ചികഞ്ഞെടുത്തിട്ടുണ്ട്. 140 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയുടെ ഒരു ദിവസം 18 മണിക്കൂര്‍ മാത്രം നീണ്ടതാണെന്നതാണ് അതിലൊന്ന്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയോട് കൂടുതല്‍ ചേര്‍ന്നായിരുന്നു ചന്ദ്രന്‍ സ്ഥിതി ചെയ്തിരുന്നത് എന്നതാണ് ഇതിന്റെ കാരണം. അന്ന് ഭൂമി കൂടുതല്‍ വേഗതയില്‍ ഭ്രമണം ചെയ്തിരുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ഇറങ്ങിയ സഞ്ചാരികള്‍ അവിടെ റിഫ്‌ളക്ടറുകള്‍ സ്ഥാപിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ ഈ റിഫ്‌ളക്ടറുകളില്‍ ലേസര്‍ രശ്മികള്‍ പ്രതിഫലിപ്പിച്ച് എത്ര വേഗതയിലാണ് ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അകന്നു പോകുന്നതെന്ന് കണക്കുകൂട്ടാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. ചന്ദ്രന്‍ അകലും തോറും ഭൂമിയുടെ ഭ്രമണവേഗത കുറയുകയും ചെയ്യും.
ഓരോ തവണ ചന്ദ്രന്‍ ഭൂമിയെ വലം വയ്ക്കുമ്പോഴും സമുദ്രങ്ങളില്‍ വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണമാകാറുണ്ട്. ചന്ദ്രന്റെ ഗുരുത്വബലമാണ് സമുദ്രത്തെ ചന്ദ്രനുള്ള ദിശയിലേക്ക് വലിഞ്ഞു നില്‍ക്കാന്‍ കാരണമാകുന്നത്. അതേസമയം ജഡത്വം മൂലം എതിര്‍ദിശയിലെ സമുദ്രവും വലിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. ധ്രുവപ്രദേശങ്ങളില്‍ നിന്നും കാലാവസ്ഥാ മാറ്റം മൂലം കൂടുതല്‍ മഞ്ഞുരുകി സമുദ്രത്തിലേക്കെത്തുന്നത് അന്തിമമായി ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള സമുദ്രത്തിലേക്കാണെത്തുക.
ചന്ദ്രന്റെ ഗുരുത്വം മൂലം ഭൂമിയുടെ വശങ്ങളില്‍ കൂടുതല്‍ സമുദ്രജലം വലിഞ്ഞു നില്‍ക്കുന്നത് സ്‌കേറ്റിങിനിടെ കൈ വിടര്‍ത്തുന്നതിന് സമാനമായി പ്രവര്‍ത്തിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ സ്‌കേറ്റ് ചെയ്യുന്നവരുടെ വേഗത കുറയുന്നതുപോലെ കാലാന്തരത്തില്‍ ഭൂമിയുടെ ഭ്രമണ വേഗതയും ഇത് കുറക്കും. നമ്മുടെയെല്ലാം ജീവിതകാലത്ത് തിരിച്ചറിയാന്‍ പോലും സാധിക്കാത്തത്രയും ചെറിയ മാറ്റങ്ങളായിരിക്കുമിത്. എങ്കിലും 20 കോടി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഭൂമിയുടെ ദിവസത്തിന്റെ ദൈര്‍ഘ്യം 25 മണിക്കൂറായി വര്‍ധിക്കുമെന്നതിന്റെ തെളിവുകളാണ് സ്റ്റീഫന്‍ മേയേഴ്‌സും സംഘവും നിരത്തുന്നത്.
STORY HIGHLLIGHTS : earth-rotation-moon-drift-day-length