World

ഇസ്രായേലിൽ ലബനാന്റെ റോക്കറ്റാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു | Rockets fired from Lebanon to northern Israel

തെൽ അവീവ്: ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രയേലിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മെതുല, ഹൈഫ എന്നിവിടങ്ങളിൽ വ്യാഴാഴ്ച നടന്ന ആക്രമണങ്ങളിലാണ് ഇസ്രായേലിന് തിരിച്ചടി. മെതുലയിൽ അഞ്ചും ഹൈഫയിൽ രണ്ടും പേർ മരിച്ചതായാണ് ഇസ്രായേൽ സ്ഥിരീകരിക്കുന്നത്. രണ്ടിടങ്ങളിലുമായി എട്ടിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ലബനനിലെ സായുധസംഘമായ ഹിസ്ബുല്ലയെ ലക്ഷ്യമാക്കി ഇസ്രയേൽ ഒക്ടോബറിൽ ആക്രമണം ആരംഭിച്ച ശേഷം ഇസ്രയേലിനു നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രയേലുമായി അടുത്ത ദിവസങ്ങളിൽത്തന്നെ വെടിനിർത്തൽ ധാരണയിൽ എഎത്തിച്ചേരുമെന്ന ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടിയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം.

ലബനാനിൽ മനുഷ്യക്കുരുതി തുടരുന്നതിനിടെയുള്ള ഹിസ്ബുല്ലയുടെ തിരിച്ചടി ഇസ്രായേലിന് വലിയ ആഘാതം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.. ലബനനിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് വടക്കൻ ഇസ്രായേലിലെ ഒലിവ് തോട്ടത്തിൽ പതിച്ചാണ് രണ്ട് പേർ മരിച്ചതെന്നാണ് വിവരം. മെതുലയിലെ ആക്രമണത്തിൽ മരിച്ചവരിൽ ഒരാൾ ഇസ്രായേൽ പൗരനും മറ്റ് നാലുപേർ വിദേശികളുമാണ്.

അതേസമയം, ലബനന്റെ തെക്കൻ മേഖലയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ലബനനിൽ ആക്രമണം ആരംഭിച്ച ശേഷം 12 ലക്ഷത്തോളം ആളുകൾ കുടിയൊഴിക്കപ്പെട്ടതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.