മഡ്രിഡ്: തെക്കൻ സ്പെയിനിലെ പ്രളയത്തിൽ മരണം 155 ആയി ഉയർന്നു. നൂറുകണക്കിനാളുകളെ കാണാതായി. വലെൻസിയ മേഖലയിലാണ് കൂടുതൽ നാശം. ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കു കുടിവെള്ളവും ഭക്ഷണവും ഹെലികോപ്റ്റർ വഴി എത്തിക്കാൻ ശ്രമം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി ആയിരത്തിലേറെ സൈനികർ രംഗത്തിറങ്ങി. ബുധനാഴ്ച മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയ നൂറുകണക്കിനു കാറുകളിൽനിന്നു മൃതദേഹങ്ങൾ സൈന്യം കണ്ടെടുത്തു.
തെക്കൻ സ്പെയിനിലെ സമൃദ്ധമായ കൃഷിയിടങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചു. ശക്തമായ മഴ വടക്കൻ സ്പെയിനിലേക്കും വ്യാപിച്ചിട്ടുണ്ട്. കിഴക്കൻ വലെൻസിയ മേഖലയിൽ റെഡ് അലർട്ട് തുടരുന്നു. ഈ നൂറ്റാണ്ടിൽ സ്പെയിനിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്ന് അധികൃതർ പറഞ്ഞു. മിന്നൽപ്രളയം സംബന്ധിച്ചു മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നും ആക്ഷേപമുയർന്നു.