മാധ്യമസ്ഥാപനങ്ങൾക്കും പ്രഫഷനലുകൾക്കും ഡ്രോൺ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കാനുള്ള അനുമതി നൽകുന്നതിന് ദുബൈ മീഡിയ കൗൺസിലും (ഡി.എം.സി) ദുബൈ വ്യോമയാന അതോറിറ്റിയും തമ്മിൽ ധാരണയിലെത്തി.
ദുബൈയുടെ രണ്ടാം ഉപ ഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ദുബൈ വ്യോമയാന അതോറിറ്റി (ഡി.സി.എ.എ) ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലംഗാവിയും ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സനും മാനേജിങ് ഡയറക്ടറുമായ മോന ഖാനം അൽ മർറിയുമാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.
‘ദുബൈ ഫ്രം ദ സ്കൈ’ സംരംഭത്തിന്റെ ഭാഗമായാണ് പരസ്പര സഹകരണ കരാർ. ദുബൈയിൽ ഡ്രോൺ അധിഷ്ഠിത മീഡിയ ചിത്രീകരണ പ്രവർത്തനങ്ങൾ സുഗമമാക്കുകയും അനുബന്ധ പ്രക്രിയകൾ ലളിതമാക്കുന്നതിന് ആവശ്യമായ പെർമിറ്റുകൾ അനുവദിക്കുന്നത് വേഗത്തിലാക്കുകയുമാണ് ലക്ഷ്യം. ഇതിനായി ഇരു സ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കും.