എമിറേറ്റിൽ ചിലയിടങ്ങളിലെ പെയ്ഡ് പാർക്കിങ് സമയം രാത്രി 12 വരെ നീട്ടിയ വ്യവസ്ഥ നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ് നൽകേണ്ട സമയം അർധരാത്രി വരെ നീട്ടിയത്.
നേരത്തേ രാവിലെ എട്ടു മുതൽ രാത്രി 10 വരെയായിരുന്നു ഈ മേഖലകളിൽ പാർക്കിങ് ഫീസ് ബാധകമായിരുന്നത്. തിരക്കേറിയ ഈ മേഖലകളിൽ പാർക്കിങ് കൂടുതൽ സുഗമമാക്കാനാണ് ഫീസ് നൽകേണ്ട സമയം 16 മണിക്കൂറായി ദീർഘിപ്പിക്കുന്നതെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് നൽകേണ്ട ഇടങ്ങളിൽ നീല നിറത്തിലുള്ള സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, പ്രതിദിന പാർക്കിങ് ഫീസ് കൂടാതെ എല്ലാദിവസവും പാർക്കിങ് ആവശ്യമുള്ളവർക്ക് പെയ്ഡ് പാർക്കിങ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ഷാർജ മുനിസിപ്പാലിറ്റി അടുത്തിടെ പുറത്തിറക്കിയിരുന്നു. വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഇഷ്ടാനുസരണം വിവിധ പ്ലാനുകൾ തിരഞ്ഞെടുക്കാം.