India

ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടരുത്; മദ്രാസ് ഹൈക്കോടതി

ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ സ്വകാര്യതയില്‍ ഇടപെടരുതെന്നും ജീവിതപങ്കാളിയുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതോ, സ്വകാര്യതയില്‍ കടന്നു കയറുന്നതോ അനുവദിക്കാന്‍ കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതി.

വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവ് നല്‍കിയ ഹർജി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ സിവില്‍ റിവിഷന്‍ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ഇക്കാര്യം വ്യക്തമാക്കിയത്. 2003 ൽ വിവാഹിതരായ ഇരുവർക്കും രണ്ട് പെണ്മക്കളാണ് ഉള്ളത്. ഭാര്യയുടെ പരപുരുഷ ബന്ധം പരാമര്‍ശിച്ചുകൊണ്ട് വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് യുവതിയുടെ ഭര്‍ത്താവ് ഹർജി നല്‍കിയത്. ഭാര്യയുടെ സമ്മതമില്ലാതെ രേഖയാക്കാൻ ശ്രമിച്ച ഫോൺ റെക്കോർഡുകളും തെളിവായി സ്വീകരിക്കാൻ കോടതി വിസമ്മതിച്ചു.

സ്വകാര്യത മൗലികാവകാശമാണ് അതിൽ തന്നെ ഭാര്യാഭർത്താക്കന്മാരുടെ സ്വകാര്യതയും ഉൾപ്പെടുന്നു, ഈ അവകാശം ലംഘിച്ച് നേടിയ ഏതൊരു രേഖയും കോടതികൾക്ക് മുമ്പാകെ തെളിവായി അസ്വീകാര്യമാണെന്നും ഒരു കാരണവശാലും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ചൂണ്ടിക്കാട്ടി.