മികച്ച നേട്ടങ്ങള്‍ കൊയ്യുന്നവരെയും പലതരത്തിലുള്ള ചാപ്പ കുത്തലുകള്‍ കൊണ്ട് തകര്‍ക്കുന്ന നിലപാടുകള്‍ ഇക്കാലഘട്ടത്തിന്റെയും ശാപമാണെന്ന് എഴുത്തുകാരി ധനുജകുമാരി. മികച്ച കഴിവുകള്‍ ഉണ്ടായിരുന്നാലും ചെങ്കല്‍ചൂളയില്‍ നിന്നുള്ളവരെന്ന കാരണത്താല്‍ അതെല്ലാം നിഷ്പ്രഭമാക്കപ്പെടുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് താന്‍. നിരവധി പ്രതിഭകള്‍ ഞങ്ങള്‍ക്കിടയില്‍ നിന്നും മുന്നോട്ടു വരുന്നുണ്ട്. പക്ഷെ അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ പലര്‍ക്കും ലഭിക്കാതെ പോകുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഈ വര്‍ഷത്തെ മലയാള ദിന ഭരണഭാഷ വാരാചരണ പരിപാടികള്‍ തൊഴില്‍ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഒട്ടേറെ പ്രതിസന്ധികളുടെ പരിണിതഫലമായി ഒന്‍പതാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന തന്റെ പുസ്തകങ്ങള്‍ ഇന്ന് രണ്ട് സര്‍വകലാശാലകളില്‍ പഠന പുസ്തകമായി മാറിയത് ചെറുതല്ലാത്ത പോരാട്ടങ്ങളുടെ പരിണിതഫലമാണ്. പതിനേഴാമത്തെ വയസ്സില്‍ രണ്ടു കുട്ടികളുമായി ആത്മഹത്യയ്ക്ക് തുനിയുമ്പോള്‍ സമൂഹത്തിനുമുന്നില്‍ തോല്‍ക്കാന്‍ ഇല്ല എന്ന ചിന്തയായിരുന്നു അന്ന് മരിച്ചിരുന്നെങ്കില്‍ അതായിരി ക്കുമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമെന്നും ഹരിത കര്‍മ്മ സേന അംഗം കൂടിയായ ധനുജകുമാരി പറഞ്ഞു. ഇക്കാലത്ത് ചെറിയ കാര്യങ്ങള്‍ക്ക് പോലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ് പൊരുതാന്‍ മനസ്സുള്ളവര്‍ക്ക് മുന്നില്‍ ഏത് പ്രതിസന്ധിയും വഴിമാറുക തന്നെ ചെയ്യും തന്റെ ജീവിതം മുന്നോട്ടുവയ്ക്കുന്ന പാഠം അതാണെന്നും ‘ചെങ്കല്‍ചൂളയിലെ എന്റെ ജീവിതത്തിന്റെ’ എഴുത്തുകാരി ഓര്‍മിപ്പിച്ചു. ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി തൊഴില്‍ വകുപ്പിലെ ജീവനക്കാരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഒട്ടേറെ മത്സരങ്ങളാണ് ഈ ഒരാഴ്ച സംഘടിപ്പിക്കുക. സംസ്ഥാനതലത്തില്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കവിത ആലാപന- സാഹിത്യകൃതികളെ അവലംബിച്ചുള്ള ഏകാം ഗ വീഡിയോ മത്സരങ്ങളും വകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ നടന്നുവരികയാണ്. ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് നടന്ന ചടങ്ങില്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം ജി സുരേഷ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ ലേബര്‍ ഓഫീസര്‍ ബിജു എ,റിസര്‍ച്ച് ഓഫീസര്‍ സി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.