Travel

മൈനസ് 60 ഡിഗ്രി വരെ താപനില താഴും; ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരം!

ലോകത്ത് ഏറ്റവും തണുപ്പുള്ള വൻനഗരം എന്നറിയപ്പെടുന്നത് സൈബീരിയയിൽ സ്ഥിതി ചെയ്യുന്ന യാകുട്സ്കാണ്. റഷ്യയിലെ തണുപ്പുകൂടിയ സൈബീരിയൻ മേഖലയിലാണ് യാകുട്സ്ക്. വെറും 3.36 ലക്ഷം ആളുകൾ മാത്രമാണ് യാകുട്സ്കിലുള്ളത്. ഇവരിൽ ഭൂരിഭാഗവും ആൽറോസ എന്ന വജ്ര കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നവരാണ്. റഷ്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന പട്ടണങ്ങളിലൊന്നാണ് യാകുട്‌സ്‌ക്. ഖനനമാണ് ഈ മേഖലയിലെ പ്രധാന വ്യവസായം. കൽക്കരി, സ്വർണ, വജ്ര ഖനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.–76 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന താപനില യാകുട്സ്കിലുണ്ട്. ശരാശരി വാർഷിക താപനില മൈനസ് 7.5 ഡിഗ്രി സെൽഷ്യസാണ്. ഉത്തരധ്രുവമേഖലയിൽപ്പെട്ട പെർമഫ്രോസ്റ്റിൽ (കാലങ്ങളോളം തണുത്തുറഞ്ഞുകിടക്കുന്ന മഞ്ഞ്) നിർമിച്ച വൻനഗരമാണ് യാകുട്സ്ക്.

ഈ മഞ്ഞ് ഉരുകാതെയിരിക്കാൻ നഗരത്തിലെ പല കെട്ടിടങ്ങളും പ്രത്യേക ഘടനകളിലാണ് ഉയർത്തി നിർത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കഠിനമായ തൊഴിലുകളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് വൈമൊറോസ്‌ക എന്ന പ്രവൃത്തി. തണുത്തു കിടുങ്ങുക എന്നതാണ് വൈമോറോസ്‌ക എന്ന വാക്കിന്റെ അർഥം. അതിശൈത്യമുള്ള ഈ മേഖലയിൽ കപ്പലിൽ തണുത്തുറഞ്ഞിരിക്കുന്ന ഐസ് പ്രത്യേക ഉളി ഉപയോഗിച്ചു ചീളിക്കളയലാണ് വൈമൊറോസ്‌കയിൽ നടക്കുന്നത്. കപ്പലിലെ തകരാറുള്ള ഭാഗങ്ങൾ കണ്ടെത്താനും അതു പരിഹരിക്കാനുമായാണ് തൊഴിലാളികൾ വൈമൊറോസ്‌കയിൽ ഏർപ്പെടുന്നത്.

എന്നാൽ ജോലിയുടെ കാഠിന്യത്തേക്കാൾ ജോലി ചെയ്യുന്ന സാഹചര്യമാണു വൈമോറോസ്‌കയെ ദുഷ്‌കരമാക്കുന്നത്. മൈനസ് 50 ഡിഗ്രി പോലുള്ള കിടുങ്ങുന്ന അതിശൈത്യത്തിലാണ് ഈ ജോലി ചെയ്യേണ്ടത്. യാകുട്‌സ്‌ക് നഗരത്തിലെ ഹാർബറിലാണ് വൈമൊറോസ്‌ക അരങ്ങേറുന്നത്. ശൈത്യകാലത്താണ് ഈ ജോലി.തണുപ്പിനെ പ്രതിരോധിക്കാനുള്ള ശക്തി, ആരോഗ്യം, സ്റ്റാമിന എന്നിവയ്‌ക്കൊപ്പം കൃത്യത കൂടി വൈമൊറോസ്‌കയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കു വേണം. 1632ൽ ലെന നദീതിരത്ത് കൊസാക് വിഭാഗത്തിലുള്ള ആളുകളാണ് ഈ നഗരം സ്ഥാപിച്ചത്. യാകുട്സ്ക് എന്ന വടക്കൻ സൈബീരിയയിലെ ആളുകളാണ് ഇവിടെ കൂടുതലും താമസിക്കുന്നത്.

STORY HIGHLLIGHTS : yakutsk-coldest-city-world