മാനവരാശിയെ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ദൂരമെത്തിച്ച ബഹിരാകാശ ദൗത്യമാണ് വോയേജർ 1. പലവിധ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് 47 വർഷക്കാലം അതിജീവിച്ച പേടകവുമായുള്ള ആശയവിനിമയ ബന്ധം വീണ്ടും നഷ്ടമായിരിക്കുകയാണ്.ഭൂമിയിലേക്ക് വ്യക്തമായ വിവരങ്ങള്‍ അയക്കാൻ പേടകത്തിന് സാധിക്കുന്നില്ല. ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന പേടകത്തിന്റെ ഫ്ളൈറ്റ് ഡാറ്റ സബ് സിസ്റ്റത്തിലാണ് പ്രശ്നം. ഒക്ടോബർ 16 ന് പേടകത്തിന്റെ ഹീറ്റർ പ്രവർത്തിപ്പിക്കുന്നതിനുള്ള നിർദേശം ഭൂമിയില്‍ നിന്ന് നല്‍കിയിരുന്നു. ആവശ്യമായ വൈദ്യുതി ഉണ്ടെങ്കില്‍ മാത്രമേ ഹീറ്റർ പ്രവർത്തിപ്പിക്കാനാവൂ. എന്നാല്‍ നിർദേശം കിട്ടിയതിന് പിന്നാലെ പേടകത്തിലെതകരാർ തടയുന്നതിനുള്ള ഫോള്‍ട്ട് പ്രിവൻഷൻ സിസ്റ്റം പ്രവർത്തിക്കാൻ തുടങ്ങി.
ഒക്ടോബർ 18ന്,വോയേജർ 1 ന്റെ സിഗ്നല്‍ സ്വീകരിക്കുന്നതില്‍ ഡീപ് സ്പേസ് നെറ്റ്വർക്ക് പരാജയപ്പെട്ടതോടെ പേടകവുമായുള്ള ആശയവിനമയം തകരാറിലായതായി ജീവനക്കാർ തിരിച്ചറിഞ്ഞു. എക്സ്ബാൻഡ് റേഡിയോ ട്രാൻസ്മിറ്റർ ഉപയോഗിച്ചാണ് വോയേജർ 1 സാധാരണ ഭൂമിയുമായി ആശയവിനിമയം നടത്താറ്. കണക്ഷൻ പൂർണമായും പരാജയപ്പെടുന്നുവെന്ന് കണ്ടതോടെ വോയേജർ 1 ന്റെ എഫ്ഡിഎസ് രണ്ടുതവണ ആക്ടിവേറ്റ് ആയതായി ഫ്ലൈറ്റ് ക്രൂ സംശയിച്ചു. അതിന്റെ ഫലമായി എക്സ്-ബാൻഡ് ട്രാൻസ്മിറ്റർ പ്രവർത്തനരഹിതമാവുകയും സെക്കൻഡറി റേഡിയോ ട്രാൻസ്മിറ്ററായ എസ്-ബാൻഡിലേക്ക് മാറുകയും ചെയ്തു. 1981 ന് ശേഷം എസ് ബാൻഡ് ഉപയോഗിച്ച് വോയേജർ ആശയവിനിമയം നടത്തിയിട്ടില്ല. വളരെ കുറച്ച് ഊർജം മാത്രമാണ് ഇതിന് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ എസ് ബാൻഡ് സിഗ്നല്‍ എക്സ് ബാൻഡിനേക്കാള്‍ ദുർബലമാണ്.
2023 ലും വോയേജർ 1 ഉമായുള്ള ബന്ധം നഷ്ടമായിരുന്നു. എഫ്ഡിഎസിലെ പ്രശ്നം തന്നെയായിരുന്നു ഇതിനും കാരണം. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പിന്നീട് പേടകത്തില്‍ നിന്നുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചത്. 1977 ഓഗസ്റ്റ് 20-ന് ഫ്ളോറിഡയിലെ കേപ് കനവെറല്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ടൈറ്റൻ സെന്റോർ റോക്കറ്റിലായിരുന്നു വോയേജർ 2-ന്റെ വിക്ഷേപണം. തൊട്ടുപിന്നാലെ സെപ്റ്റംബറില്‍ തനിപ്പകർപ്പായ വോയേജർ 1 വിക്ഷേപിച്ചത്. വോയേജർ 1 ന്റെ നിയന്ത്രണം പൂർണമായി നഷ്ടമായാലും ദൗത്യം സമ്ബൂർണ വിജയമാണെന്നാണ് വിദഗ്ദർ പറയുന്നത്. വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് 1977 ല്‍ വോയേജർ ദൗത്യം വിക്ഷേപിച്ചത്. 1980 ല്‍ ഇത് പൂർത്തിയാക്കി. ഇതിന് ശേഷം ഭൂമിയില്‍ നിന്ന് അകലങ്ങളിലേക്ക് സഞ്ചാരം തുടർന്നു. സൗരയൂഥം വിട്ട് ഇന്റർസ്റ്റെല്ലാർ സ്പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിർമിത വസ്തുവാണ് വോയേജർ 1. പിന്നാലെ തന്നെ വോയേജർ 2 ഉം ഈ നേട്ടം കൈവരിച്ചു.
STORY HIGHLLIGHTS: 47 years of service; Voyager 1 lost contact with the probe again