കൊച്ചി: നിയമപ്രകാരമുള്ള വിവാഹമല്ലെങ്കിൽ പങ്കാളിയെ ഭർത്താവായി കണക്കാക്കാനാകില്ലെന്നു ഹൈക്കോടതി. ആ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 498 എ പ്രകാരമുള്ള ഗാർഹിക പീഡനക്കുറ്റം സ്ത്രീയുടെ പങ്കാളിക്കെതിരെയോ പങ്കാളിയുടെ ബന്ധുക്കൾക്കെതിരെയോ ബാധകമാകില്ലെന്നു ജസ്റ്റിസ് എ.ബദറുദ്ദീൻ വ്യക്തമാക്കി.
ഐപിസി പ്രകാരമുള്ള ഗാർഹിക പീഡനക്കുറ്റം ആരോപിച്ചു തനിക്കെതിരെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.