ജറുസലം: ഗാസയിലും ലബനനിലും ഇസ്രയേൽ ആക്രമണം തുടരുന്നു. ഗാസയിലെ ദെയ്റൽ ബലാഹ്, നുസുറത്ത് അഭയാർഥി ക്യാംപ്, അൽ സവൈദ എന്നിവിടങ്ങളിൽ ബോംബാക്രമണങ്ങളിൽ ഒറ്റരാത്രിയിൽ 55 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഡസൻകണക്കിനാളുകൾക്കു പരുക്കേറ്റു. ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇന്നലെ പുലർച്ചെ പത്തോളം തവണ ഇസ്രയേൽ ബോംബിട്ടു.
ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ യുനെസ്കോ പട്ടികയിലുള്ള ലബനനിലെ ബാൽബെക്ക് പട്ടണത്തിലും രൂക്ഷമായ ആക്രമണമാണു നടത്തിയത്. ഈ മേഖലകളിൽനിന്നെല്ലാം ഭൂരിപക്ഷം ജനങ്ങളും സുരക്ഷിതമേഖലയിലേക്ക് ഒഴിഞ്ഞുപോയിരുന്നു. നുറുസറത്ത് ക്യാംപിൽ ബോംബിട്ടതിനെത്തുടർന്നു 18 മാസം പ്രായമുള്ള ആൺകുഞ്ഞും 10 വയസ്സുള്ള സഹോദരിയും കൊല്ലപ്പെട്ടു. ഇവരുടെ പിതാവിനെ 4 മാസം മുൻപ് വ്യോമാക്രമണത്തിനിടെ കാണാതായിരുന്നു.