എല്ലാദിവസവും ഭക്ഷണത്തോടൊപ്പം മുട്ട കഴിക്കുന്നവരുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണെന്ന് വിശ്വസിച്ചു പോരുന്നു. എന്നാൽ എങ്ങനെയാണ് ഒരു മുട്ടയ്ക്ക് ഒരു ദിവസത്തെ ആരോഗ്യപ്രദമായി വയ്ക്കാൻ കഴിയുന്നത്? സ്ഥിരമായി മുട്ട കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ? ഇത്തരം സംശയങ്ങൾ എല്ലാവർക്കും കാണാം.
അമേരിക്കൻ ശാസ്ത്രജ്ഞനായ ഡോ. ജെയിംസ് ഡിനികൊലന്റോണിയോ പറയുന്നത്, മുട്ട കൂടുതലായി കഴിക്കുന്നത് ഹൃദ്രോഗം, പൊണ്ണത്തടി, ടൈപ്പ് 2 ഡിസീസ്, ബുദ്ധിമാന്ദ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
എന്നാൽ മുട്ടയെ ശത്രുവായി കാണേണ്ടതില്ലെന്നും ഡോ. ജെയിംസ് കൂട്ടിച്ചേർക്കുന്നു. “മുട്ടകൾ ശത്രുവല്ല. മുട്ട പ്രകൃതിയുടെ മൾട്ടിവിറ്റമിൻ കലവറയാണ്, ആരോഗ്യകരവുമാണ്.”
2023-ലെ ന്യൂട്രിയന്റ്സ് ജേണൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, കോഴിമുട്ടകൾ കോളിൻ, ഫോളേറ്റ്, വിറ്റാമിൻ ഡി, അയഡിൻ, ബി വിറ്റാമിനുകൾ, ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ എന്നിവ നൽകുന്നു, കൂടാതെ ഹൈപ്പർ കൊളസ്‌ട്രോലെമിയ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്‌ക്കുള്ള അപകട ഘടകമായി ദേശീയ സംഘടനകൾ കോഴിമുട്ടയെ കണക്കാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും, മുട്ട പതിവായി കഴിക്കുന്നതിന്റെ ഗുണങ്ങളെയും അപകടങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾ ഇനിയും അവശേഷിക്കുന്നു.
കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ച പ്രോട്ടീൻ ഉറവിടമാണ് മുട്ടയെന്നാണ് പഠനം പറയുന്നത്. മുട്ടകൾ പോഷകപ്രദവും ആരോഗ്യകരവും സുസ്ഥിരവുമാണെന്നും പഠനത്തിൽ പറയുന്നു. മുട്ട ഉപയോഗം ആരോഗ്യകരമാണോ എന്ന വിഷയത്തിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ പരിശോധിക്കാം.
ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട എന്നത് സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്. ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, വിറ്റാമിനുകൾ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, സെലിനിയം തുടങ്ങിയ ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ് മുട്ട. കൂടാതെ, മുട്ടയിൽ ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ ആരോഗ്യത്തെയും കണ്ണിന്റെ ആരോഗ്യത്തെയും സഹായിക്കുന്നു.
ആഴ്ചയിൽ ഏഴ് മുട്ടകൾ വരെ കഴിക്കുന്നത് സുരക്ഷിതമായി കരുതപ്പെടുന്നുവെന്നാണ് മുംബൈ ഭാട്ടിയ ഹോസ്പിറ്റലിലെ കൺസൾട്ടന്റും ഇന്റേണിസ്റ്റുമായ ഡോക്ടർ സാമ്രാട്ട് ഷാ പറയുന്നത്. എന്നാൽ അമിതമായ അളവിൽ മുട്ട കഴിക്കുന്നത് വിവിധ പാർശ്വഫലങ്ങൾക്ക് കാരണമാകുന്നു.
“മുട്ടയിൽ കൊളസ്‌ട്രോൾ കൂടുതലായി അടങ്ങിയിട്ടുണ്ട്, അമിതമായി കൊളസ്‌ട്രോൾ കഴിക്കുന്നത് ചില വ്യക്തികളിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. മുട്ടയിലെ കൊളസ്ട്രോൾ ആളുകളെ വ്യത്യസ്തമായി ബാധിക്കുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്, ചില വ്യക്തികൾ ഡയറ്ററി കൊളസ്ട്രോളിനോട് കൂടുതലായി പ്രതികരിക്കുന്നു,” ഡോ സാമ്രാട്ട് ഷാ വിശദീകരിച്ചു.
അതുകൊണ്ടുതന്നെ, സമീകൃതാഹാരത്തിന്റെ ഭാഗമായി മുട്ടകൾ മിതമായ അളവിൽ കഴിക്കാനാണ് ശുപാർശ ചെയ്യുന്നത്, അമിത ഉപയോഗം നിയന്ത്രിക്കണം, കൂടുതൽ ഉപദേശങ്ങൾക്കായി വിദഗ്ധരുടെ സേവനം തേടണമെന്നും ഡോ സാമ്രാട്ട് ഷാ നിർദേശിക്കുന്നു.
content highlight: is-it-safe-to-eat-eggs-every-day