Sports

പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ച് അനസ് എടത്തൊടിക

മലപ്പുറം: പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ച് മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‍സിക്കായുള്ള അവസാന മത്സരത്തിനുശേഷമാണ് വിരമിക്കൽ പ്രഖ്യാപനം. ഈ സീസണിൽ മലപ്പുറം എഫ്‍സിയുടെ നായകനായിരുന്നു.

2019 ജനുവരി 15ന് അദ്ദേഹം ബഹ്റൈനെതിരെ ഷാർജയിലെ ഷാർജ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ മത്സരത്തിനുശേഷമായിരുന്നു അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചത്. അന്താരാഷ്ട്ര കരിയറിൽ കളിച്ച നാലു മത്സരങ്ങളും വിജയിക്കാനായി. കംബോഡിയ, മ്യാന്മർ, നേപ്പാൾ, കിർഗിസ്താന്‍ എന്നീ രാജ്യങ്ങൾക്കെതിരെയാണ് കളിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ക്ലബുകള്‍ക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്.

2007ൽ മുംബൈ എഫ്‍സിയിൽ ചേർന്ന അനസ് ആദ്യ വർഷം തന്നെ ടീമിന് ഐ ലീഗ് രണ്ടാം ഡിവിഷൻ കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മുംബൈ ടീമിലെ മികച്ച പ്രകടനത്തിനു പിന്നാലെ 2011ല്‍ വമ്പന്‍ തുകയ്ക്ക് പൂനെ എഫ്‍സി താരത്തെ സ്വന്തമാക്കി. ടീമിനായി നാല് വർഷം കളിച്ചു. 2014ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ് ഫുട്ബോളിലും ഐ ലീഗിലും നയിച്ച അനസിനെ ക്ലബ് തങ്ങളുടെ ബെസ്റ്റ് പ്ലെയർ അവാർഡായ ഐയൺ മാൻ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.