ഇന്ത്യകണ്ട ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഡി.എന്‍.എ മാത്രമല്ല, അവര്‍ ഉയര്‍ത്തിപ്പിടിച്ച പ്രത്യാശാസ്ത്രവും പ്രയ.ങ്കാഗാന്ധിയുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ളതു കൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വയനാട് ചിത്രവും ചരിത്രവും രാജ്യമൊട്ടാകെ ചര്‍ച്ചയാകുന്നത്. എന്താണ് പ്രിയങ്കയുടെ രാഷ്ട്രീയ ഭാവി. അവര്‍ വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയാല്‍ എന്തു മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. എ.ഐ.സി.സിയിലും കോണ്‍ഗ്രസിലും വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കും എന്നതാണ് ഇപ്പോഴത്തെ ചിന്തയും ആശങ്കയുമെല്ലാം.
മുഖസാദൃശ്യം കൊണ്ട് ഇന്ദിരയെപ്പോലെ എന്നു പറയാനേ ഇപ്പോള്‍ കഴിയൂ. പക്ഷെ, അമ്മയ്ക്കും സഹോദരനും, പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി തെരഞ്ഞെടുപ്പില്‍ പ്രാചരണത്തിനിറങ്ങിയും, ഇന്ത്യന്‍ രാഷ്ട്രീയത്തെയാകെ നിയന്ത്രിച്ചിരുന്ന വീട്ടിലെ വാസവും, ഭരണസിരാ കേന്ദ്രത്തിലും, അദികാരത്തണലിലും, പാര്‍ട്ടിയുടെ അകത്തളങ്ങളിലെ ചര്‍ച്ചകളിലും അറിഞ്ഞും അറിയാതെയും പങ്കെടുത്തതിന്റെ പരിചയസമ്പത്തുമെല്ലാം പ്രിയങ്കയ്ക്കുണ്ട് എന്നതില്‍ തര്‍ക്കമില്ല. ഇതെല്ലാം പാര്‍ലമെന്റില്‍ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നതു മാത്രമാണ് കാണേണ്ടത്.
വയനാട് വിജയം സാങ്കേതികമായി ഉറപ്പിച്ചാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. മറ്റു സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. അതും രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം. രാഹുല്‍ ഉയര്‍ത്തി വെച്ച വോട്ടുഗ്രാഫറില്‍ മുകളിലേക്കുള്ള കയറ്റം എത്രയാണെന്നുള്ള ചിന്തയാണ് കോണ്‍ഗ്രസിനുള്ളത്. കന്നി അങ്കത്തിനിറങ്ങിയിട്ടും ഭയരഹിതയായി പ്രിയങ്ക നില്‍ക്കുന്നതിനു കാരണവും വയനാടിനെ വിശ്വസിക്കുന്നതു കൊണ്ടാണ്. നോക്കൂ, പ്രിയങ്കാഗാന്ധി എന്നത്, പാര്‍ലമെന്റിലെ പ്രതിപക്ഷത്തിന് കിട്ടുന്ന വലിയൊരു ആയുധം തന്നെയാണ് എന്നു മനസ്സിലാക്കണം.
കാരണം, നരേന്ദ്രമോദിയോടൊപ്പം ട്രഷറി ബെഞ്ചിലിരിക്കുന്ന കരുത്തരായ വനിതാ പ്രതിനിധി നിര്‍മ്മലാ സീതാരാമനാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടി ഭരണകാര്യത്തിലും രാഷ്ട്രീയത്തിലും മറുപടി നല്‍കാന്‍ ഇവര്‍ക്കു സാധിക്കുന്നുണ്ട്. എന്നാല്‍, ഭരണപക്ഷത്തിന് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ പോന്ന വനിതാ പ്രതിനിധി പ്രതിപക്ഷത്തില്ല. പ്രിയങ്കാഗാന്ധിയിലൂടെ ആ പോരായ്മ പരിഹരിക്കാനാകുമെന്നതാണ് വലിയ കാര്യം. സോണിയാഗാന്ധിയുടെ പിന്‍മാറ്റം പ്രിയങ്കാഗാന്ധിക്കു വേണ്ടിയാണെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല.
അവരുടെ വാക്ക്ചാതുര്യം എത്രത്തോളമുണ്ടെന്ന് അളക്കാന്‍ കൂടിയുള്ള അവസരമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം. അമ്മൂമ്മയുടെ പോരാട്ട വീര്യവും, മനോധൈര്യവും പ്രിയങ്കയ്ക്ക് ഉണ്ടോ എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ പ്രധാന്യമേറെയാണ്. രാഹുല്‍ഗാന്ധിയെ കൊട്ടുകുട്ടിയായി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിഗണിക്കുന്നുള്ളു. അതുകൊണ്ടുതന്നെ പാര്‍ലമെന്റ് സെഷനുകളില്‍ രാഹുലിന്റെ പ്രസംഗത്തെ വേണ്ടത്ര ഗൗരവത്തില്‍ എടുക്കാറുമില്ല.
ഇന്ദിര 2.0 അഥവാ രണ്ടാം ഇന്ദിരാ ഗാന്ധിയായി പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ വോട്ടറും ചരിത്രത്തിന്റെ മറ്റൊരു നിയോഗത്തിന് സാക്ഷിയാവുകയാണ് എന്നത് സത്യം തന്നെയാണ്. എന്നാല്‍, സഹോദരനൊപ്പം പാര്‍ലമനെന്റില്‍ കത്തിക്കയറാന്‍ പ്രിയങ്കയ്ക്ക് ആയില്ലെങ്കില്‍ അത് വന്‍ പരാജയമായിപ്പോകും. ഇവിടെ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് രാഹുലിന്റെ പോരാട്ടത്തില്‍ പ്രിയങ്കയുടെ പങ്ക് നിര്‍വഹിക്കലാണ്. ഇന്ദിരാഗാന്ധി റായിബറിലിയില്‍ നിന്ന് ആരംഭിച്ചത് പോലെ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ നിന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുകയാണ്.
ഇന്ദിരാ ഗാന്ധിയുടെ രൂപസാദൃശ്യമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രിയങ്കാ ഗാന്ധിയെ അടയാളപ്പെടുത്തുന്നത്. അരിക് വല്‍ക്കരിക്കപ്പെട്ടവരെ അരികെ നിര്‍ത്തുന്ന, ചിതറിപ്പോയവരെ ചേര്‍ത്ത് നിര്‍ത്തുന്ന, അവരുടെ രാഷ്ട്രീയത്തിന്റെ പേരിലാണ്. വര്‍ഗീയ ഫാഷിസ്റ്റ് ഭരണത്തെയും പാര്‍ട്ടിയെയും ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന, സ്ത്രീകളെയും കുട്ടികളെയും ദളിത് ന്യൂനപക്ഷ വിഭാഗങ്ങളെയും ചേര്‍ത്ത് നിര്‍ത്തുന്ന അവരുടെ രാഷ്ട്രീയത്തിന് ഇന്നത്തെ ഇന്ത്യയില്‍ ഏറെ പ്രസക്തിയുണ്ട്.
രാഷ്ട്രീയത്തിലേക്കില്ല എന്ന് പറഞ്ഞിരുന്നതാണ് പ്രിയങ്ക. എന്നാല്‍, നിലവിലുള്ള ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് അവര്‍ തിരഞ്ഞെടുപ്പിലേക്ക് എത്തിയതാണ്. കോണ്‍ഗ്രസ് വാര്‍ത്തെടുത്ത ഇന്ത്യന്‍ ജനാധിപത്യം വര്‍ഗീയ ഫാഷിസ്റ്റ് പാര്‍ട്ടിയായ ബിജെപി ഇല്ലാതാക്കുമ്പോള്‍ നോക്കിയിരിക്കാന്‍ ഇന്ത്യന്‍ മതേതര ജനാധിപത്യത്തിന്റെ കാവല്‍ക്കാരന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരിക്ക് കഴിയില്ല എന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ഇന്ദിരാഗാന്ധി വെടിയേറ്റ് വീണ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വരുമ്പോള്‍, 12 കാരിയായ പ്രിയങ്ക ഗാന്ധിയും 14 കാരനായ രാഹുല്‍ ഗാന്ധിയും വീട്ടില്‍ തളം കെട്ടിക്കിടക്കുന്ന രക്തം കണ്ടത് പ്രിയങ്ക ഗാന്ധി ഇന്നും ഓര്‍ക്കുന്നുണ്ട്.
ഇന്ദിരാഗാന്ധിയുടെ ചിതയ്ക്കരികില്‍ ഹൃദയം പൊട്ടിനിന്ന പ്രിയങ്കാ ഗാന്ധിക്ക് മുന്നിലേക്ക് അതിനു ശേഷം വന്നത് അച്ഛന്‍ രാജീവ്ഗാന്ധിയുടെ ചിതറിത്തെറിച്ച ശരീരമായിരുന്നു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിതയില്‍ നിന്ന് കൊളുത്തിയ വെളിച്ചവുമായി പ്രിയങ്ക ഗാന്ധി തിരഞ്ഞുടുപ്പിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷിക്കേണ്ട ഒന്നുണ്ട്, ആ ചോരയില്‍പ്പിറന്ന കുട്ടിക്ക് രാജ്യത്തിനു വേണ്ടി ചെയ്യാനുള്ളത് ചെയ്തിട്ടേ മടക്കമുള്ളൂ എന്ന്. 2004 മുതല്‍ രാഷ്ട്രീയത്തില്‍ പ്രിയങ്കയുടെ പേര് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നായിരുന്നു അവര്‍ തീരുമാനിച്ചത്.
എന്നാല്‍ അമ്മ സോണിയാ ഗാന്ധിയുടെയും സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെയും തിരഞ്ഞെടുപ്പ് റാലികളില്‍ പ്രിയങ്ക ഗാന്ധി ജനഹൃദയം കീഴടക്കി മുന്നേറുന്നത് രാജ്യം കണ്ടു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. യു.പിയില്‍ പാര്‍ട്ടിയുടെ ശക്തി തിരിച്ചു കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. ജനപക്ഷ രാഷ്ട്രീയം പിതാവിനെ പോലെ തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്ന് തെളിയിക്കുന്നതാണ് പ്രിയങ്കയുടെ രാഷ്ട്രീയ ജീവിതം.
മോദി സര്‍ക്കാറിന്റെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെയും ഇരകളാകുന്ന മനുഷ്യര്‍ക്കിടയിലേക്ക് ഓടിയെത്തി നെഞ്ചോടു ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴായി പ്രിയങ്കയില്‍ നിന്നും രാജ്യം കണ്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അധികാരമുപയോഗിച്ച് വഴിമുടക്കാന്‍ ശ്രമിച്ചെങ്കിലും പിന്‍മാറാതെ മുന്നോട്ട് നടക്കാനാണ് ഇന്ദിരയുടെ ഈ പിന്‍മുറക്കാരി ശ്രമിച്ചത്. ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും യാത്ര ബി.ജെ.പിക്കുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലെ ഉറച്ചശബ്ദമായി പാര്‍ലമെന്റിലുണ്ടാകുമെന്നു തന്നെയാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ആ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ മോദി സര്‍ക്കാര്‍ വിയര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ എത്തുന്നതോടു കൂടി ഇന്ത്യ മുന്നണി കൂടുതല്‍ കരുത്താര്‍ജിക്കും. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഒരു നിമിത്തമാവുമെന്നും കോണ്‍ഗ്രസ് കരുതുന്നുണ്ട്.
2019ല്‍ വയനാട്ടിലെ ആദ്യ അങ്കത്തില്‍ 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്റെ വിജയം. 2024ല്‍ ഭൂരിപക്ഷം 3,64,422 വോട്ടായി. ഈ ഭൂരിപക്ഷവും മറികടന്നൊരു വിജയം ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്കുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രിയങ്കയുടെ വിജയം ഉറപ്പിക്കുന്ന കോണ്‍ഗ്രസും യുഡിഎഫും ഭൂരിപക്ഷം അഞ്ച് ലക്ഷം കടത്തുമെന്ന അവകാശവാദം മുന്നോട്ടുവെക്കുന്നുണ്ട്. 2014ല്‍നിന്നും 2019ല്‍നിന്നും വ്യത്യസ്തമായി യു.പി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
ഈ ജനവികാരവും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി നിലനിര്‍ത്തുന്നതാണ് നല്ലതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുമാണ് രാഹുല്‍ വയനാട് ഒഴിഞ്ഞത്. അവിടെ പ്രിയങ്കാ ഗാന്ധിയെത്തുമ്പോള്‍, അവര്‍ വിജയിക്കുന്നതോടെ ലോക്‌സഭയില്‍ ഗാന്ധി കുടുംബത്തിലെ രണ്ടുപേരുണ്ടാകും. മാറി വരുന്ന രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍ അവര്‍ക്കാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. സജീവരാഷ്ട്രീയത്തില്‍ പ്രവേശിച്ചതുതൊട്ട് ഒട്ടേറെ ആരോപണങ്ങള്‍ പ്രിയങ്കാഗാന്ധിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.
അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ബി.ജെ.പി. എം.പിയായിരുന്ന സുബ്രഹ്‌മണ്യന്‍ സ്വാമി ഉന്നയിച്ച ആരോപണം. പ്രിയങ്കാ ഗാന്ധിക്ക് ഷീസോഫ്രീനിയ എന്ന മാനസികാവസ്ഥയുണ്ടെന്നും അവര്‍ ആളുകളെ മര്‍ദ്ദിക്കാറുണ്ടെന്നും 2019ല്‍ എ.എന്‍.ഐ. വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ സ്വാമി ആരോപിച്ചിരുന്നു. ‘പ്രിയങ്കയുടെ അസുഖം കാരണം അവര്‍ക്ക് പൊതുജീവിതം നയിക്കാന്‍ യോഗ്യതയില്ല, എപ്പോള്‍ മാനസിക സമനില നഷ്ടപ്പെടുമെന്ന് പൊതുജനങ്ങള്‍ അറിയണം. പ്രിയങ്കയുടെ എസ്.പി.ജി സംഘമാണ് ഈ വിവരം നല്‍കിയത്. അവളുടെ സെക്യൂരിറ്റി ജീവനക്കാര്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ട് എന്നെ സമീപിച്ചിരുന്നു.
അവര്‍ ഒരു സ്വകാര്യ വ്യക്തിയായിരിക്കുമ്പോള്‍ ഒന്നും പറയരുതെന്ന് ഞാന്‍ തീരുമാനിച്ചതാണ്. പക്ഷേ ഇപ്പോള്‍ അവര്‍ പൊതുജീവിതത്തിലായതിനാല്‍, ഇതെല്ലാം പൊതുജനം അറിയണം. എപ്പോള്‍ മാനസിക സമനില നഷ്ടപ്പെടുമെന്ന് അറിയില്ല എന്നും സ്വാമി ആരോപിച്ചിരുന്നു. മറ്റൊരു ആരോപണം ഇതായിരുന്നു. കോണ്‍ഗ്രസ് ‘ചോക്ലേറ്റ്’ മുഖങ്ങളെ ആശ്രയിക്കുകയാണെന്നും പാര്‍ട്ടിയില്‍ ശക്തരായ നേതാക്കളുടെ കുറവാണിത് കാണിക്കുന്നതെന്നുമാണ് ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ ആരോപണം.
സുന്ദരമായ മുഖത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് നേടാനാവില്ലെന്നായിരുന്നു ബിഹാര്‍ മന്ത്രിയായിരുന്ന വിനോദ് നാരായണ്‍ ഝാ പറഞ്ഞത്. ഭൂമി തട്ടിപ്പ് കേസിലും നിരവധി അഴിമതി കേസുകളിലും പ്രതിയായ റോബര്‍ട്ട് വാദ്രയുടെ ഭാര്യയാണ് പ്രിയങ്കയെന്നും ഝാ പറഞ്ഞു. ‘അവര്‍ വളരെ സുന്ദരിയാണ്. എന്നാല്‍ അതല്ലാതെ അവര്‍ക്ക് രാഷ്ട്രീയ നേട്ടങ്ങളോ കഴിവുകളോ ഇല്ല’ ഇതായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടികള്‍ നല്‍കുന്നത് എങ്ങനെയാണെന്ന് പ്രിയങ്ക വളരെ വേഗം പഠിച്ചെടുത്തു.
മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ നടന്ന രാംഗിരി മഹാരാജിന്റെ പരാമര്‍ശത്തിനെതിരേ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തില്‍ പങ്കാളിയായെന്ന് ആരോപിക്കപ്പെട്ട വ്യക്തിയുടെ വീട് ഇടിച്ചുനിരത്തിയതിനെതിരെ പ്രിയങ്കയുടെ പ്രതികരണം ചര്‍ച്ചയായി. ബുള്‍ഡോസര്‍ ജസ്റ്റിസ് അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ ക്രിമിനലുകളെ പോലെയാണ് പെരുമാറുന്നതെന്നും അവര്‍ എക്സില്‍ കുറിച്ചു. ഹരിയാണയിലെ ജുലാനയില്‍ വിനേഷ് ഫോഗട്ടിനു വേണ്ടി പ്രചാരത്തിനെത്തിയപ്പോഴും പ്രിയങ്കാ ഗാന്ധിയുടെ വാക്കുകള്‍ ചര്‍ച്ചയായി.
അനീതിക്കും അസമത്വത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നും ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അദാനിക്കും അംബാനിക്കും വേണ്ടിയാണെന്നും പ്രിയങ്ക തുറന്നടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനും എം.പിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അയച്ച കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തംനിലയ്ക്ക് മറുപടി നല്‍കാത്തതിലും പ്രിയങ്ക വിമര്‍ശനമുന്നയിച്ചു. സ്വന്തം നിലയ്ക്ക് മറുപടി നല്‍കാതെ മോദി ഖാര്‍ഗെയെ അപമാനിച്ചെന്ന് സാമൂഹിക മാധ്യമമായ എക്‌സിലെ കുറിപ്പിലൂടെ പ്രിയങ്ക ആരോപിച്ചു. രാഷ്ട്രീയത്തിനൊപ്പം ഫോട്ടോഗ്രഫിയും വായനയും എഴുത്തുമെല്ലാം ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് പ്രിയങ്ക.
ഒന്നാന്തരം സ്‌കൂബ ഡൈവര്‍ കൂടിയായ പ്രിയങ്കയ്ക്ക് ഇഷ്ടമുള്ള മറ്റൊരു കാര്യം കാടാണ്. ഒഴിവുസമയങ്ങളില്‍ കുട്ടികളൊത്ത് കാട് കാണാന്‍ പോകാറുണ്ടെന്ന് പ്രിയങ്ക അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ വയനാട്ടില്‍ നിന്ന് പ്രിയങ്ക ജനവിധി തേടുമ്പോള്‍ വലിയൊരു ചരിത്രത്തിന് കൂടിയാണ് വയനാട് സാക്ഷിയാവാന്‍ പോവുന്നത്. വിജയിച്ചാല്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരേസമയം മൂന്ന് പേര്‍ പാര്‍ലമെന്റിലെത്തുന്നുവെന്ന ചരിത്രമാണ് കുറിക്കപ്പെടുക. സോണിയ രാജ്യസഭയിലും രാഹുലും പ്രിയങ്കയും ലോക്സഭയിലും.
CONTENT HIGHLIGHTS;What is Priyanka Gandhi’s future in Parliament?:: Mother in Rajya Sabha and children in Lok Sabha; Congress is waiting for Priyanka