ശബരിമല തീർഥാടനത്തിന്റെ ഭാഗമായി വെർച്വൽ ക്യു വഴി അല്ലാതെ 10,000 പേർക്ക് നേരിട്ട് ദർശനത്തിന് അവസരമൊരുക്കും. എരുമേലി, പമ്പ, വണ്ടിപ്പെരിയാർ ഇടത്താവളങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യമുണ്ടാകും. മൂന്നിടങ്ങളിലായി 13 കൗണ്ടറുകളാണുണ്ടാകുക.
പമ്പയിൽ അഞ്ചും എരുമേലിയിലും വണ്ടിപ്പെരിയാറിലും മൂന്നുവീതവും കൗണ്ടറുകളുമുണ്ടാകും. അതേസമയം, ഇതിന് സ്പോട്ട് ബുക്കിങ് എന്ന പേര് ഉപയോഗിക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം. വെർച്വൽ ക്യൂ മാതൃകയിൽ തന്നെയാകും സ്‌പോട്ട് ബുക്കിങ്ങും നടക്കുക. ക്യുആർ കോഡ്, ഫോട്ടോ എന്നിവ ഉണ്ടാവും.
ശബരിമലയിൽ സുരക്ഷയ്ക്കായി 13,000ത്തിലേറെ പൊലീസുകാരെ നിയമിക്കാൻ നേരത്തെ തീരുമാനമായിരുന്നു. പമ്പ ഉൾപ്പെടെ കുളിക്കടവുകളിൽ ആറ് ഭാഷകളിലായി സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും. പാർക്കിങ് ഗ്രൗണ്ടുകളിൽ സുരക്ഷാ ക്യാമറയും ഉച്ചഭാഷിണി വഴിയുള്ള മുന്നറിയിപ്പ് സംവിധാനവും ഒരുക്കും. പത്തനംതിട്ട കലക്ടർ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണു തീരുമാനം.