വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല ഡിസംബർ 13 ന് നടക്കും. പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ ഡിസംബർ എട്ടിന് നടക്കും.
പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യ ദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്ന് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന് നമ്പൂതിരി കൈമാറുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ആര്‍സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും പ്രമുഖ സമൂഹിക പ്രവർത്തകനുമായ റെജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. 11 ന് 500- ല്‍ അധികം വേദ പണ്ഡിതന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട് 5 ന് കുട്ടനാട് എം.എല്‍ എ തോമസ്സ്. കെ. തോമസ്സിന്റെ അദ്ധ്യക്ഷതയില്‍ നടക്കു സാംസ്കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ഭദ്രദീപം തെളിയിക്കും. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും.ക്ഷേത്ര മുഖ്യാ കാര്യദർശി രാധാകൃഷണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കുകയും വെസ്റ്റ് ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ. സിവി ആനന്ദബോസ് ഐ.എ.എസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിര്‍വഹിക്കും