ഉന്നതവിദ്യാഭ്യാസരംഗത്ത് സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒമാനും തുർക്കിയയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഒമാൻ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ നവീകരണ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖി, തുർക്കിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ പ്രഫ ഡോ. എറോൾ ഓസ്വാർ എന്നിവരാണ് അങ്കാറയിൽ നടന്ന ചടങ്ങിൽ ഒപ്പുവെച്ചത്.
സ്കോളർഷിപ്പുകളുടെയും അക്കാദമിക് ഗ്രാൻറുകളുടെയും കൈമാറ്റം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരസ്പര അംഗീകാരം, അറിവിന്റെയും സാങ്കേതികവിദ്യയുടെയും കൈമാറ്റം എന്നിവയുൾപ്പെടെയുള്ള വിവിധ സംരംഭങ്ങൾ ധാരണ പത്രത്തിന്റെ പരിധിയിൽ വരുന്നു.
ഗവേഷണ, ഇന്നവേഷൻ പരിപാടികൾ സ്ഥാപിക്കുന്നതിലും തൊഴിൽ വിപണിയിൽ കഴിവുകൾ വികസിപ്പിക്കുന്നതിലും സാങ്കേതിക മുന്നേറ്റങ്ങളിൽ നിക്ഷേപിക്കുന്നതിലും സഹകരിച്ചുള്ള അനുഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും ധാരണ പ്രകാരം പദ്ധതിയിടുന്നു.
സ്കോളർഷിപ്പുകളുടെയും വിദ്യാർഥി കൈമാറ്റങ്ങളുടെയും എണ്ണം വർധിപ്പിക്കാനും അറബിക്, ടർക്കിഷ് ഭാഷകൾ പഠിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഒമാനി-ടർക്കിഷ് നോളജ് ഡയലോഗ് ഫോറം മസ്കത്തിൽ സംഘടിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.