പരസ്പര സഹകരണവും ഉഭയകക്ഷി ബന്ധവും കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിച്ച് ഒമാനും കുവൈത്തും. വിവിധ മേഖലകളിൽ ഒമ്പത് ധാരണപത്രങ്ങളും (എം.ഒ.യു) എക്സിക്യൂട്ടീവ് പ്രോഗ്രാമുകളും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കുവൈത്തിൽ നടന്ന കുവൈത്ത്-ഒമാൻ സംയുക്ത സമിതിയുടെ പത്താമത് യോഗത്തിലായിരുന്നു തീരുമാനം.
ടൂറിസം, സംസ്കാരം, കല, മുനിസിപ്പൽ ജോലി, കൃഷി, മത്സ്യബന്ധനം, ഉപഭോക്തൃ സംരക്ഷണം, ഭൂഗതാഗതം, ഇസ്ലാമിക് എൻഡോവ്മെൻറ് (ഔഖാഫ്) മേഖലകളിലാണ് ഒപ്പുവെച്ച കരാറുകളും ധാരണാപത്രങ്ങളും.
കുവൈത്ത് സിവിൽ സർവീസ് കമീഷനും (സി.എസ്.സി) ഒമാൻ തൊഴിൽ മന്ത്രാലയവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാർ, സമുദ്ര നാവിഗേഷൻ സംബന്ധിച്ച ധാരണാപത്രം എന്നിവ ഇതിൽ പ്രധാനമാണ്.