സ്റ്റാര്‍ഷിപ്പ് റോക്കറ്റിലേക്ക് ഭ്രമണപഥത്തില്‍വെച്ച് തന്നെ മറ്റൊരു പേടകത്തില്‍നിന്ന് ഇന്ധനം കൈമാറുന്ന സാങ്കേതികവിദ്യ പരീക്ഷിക്കാനൊരുങ്ങി സ്‌പേസ് എക്‌സ് .പരീക്ഷണം വിജയിച്ചാല്‍ ചന്ദ്രനില്‍ ആളില്ലാ സ്റ്റാര്‍ഷിപ്പ് ലാന്‍ഡിങ് സാങ്കേതികവിദ്യയുടെ പരീക്ഷണത്തിന് വഴിയൊരുങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യനെ ചന്ദ്രനില്‍ വീണ്ടുമെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യം ആരംഭിക്കാന്‍ സ്റ്റാര്‍ഷിപ്പ് നിര്‍മാണം പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കുകയാണ്. മനുഷ്യരെ വഹിക്കാന്‍ ശേഷിയുള്ള രണ്ട് സ്റ്റാര്‍ഷിപ്പുകള്‍ക്ക് വേണ്ടി 405 കോടി ഡോളറിന്റെ കരാറാണ് നാസ സ്‌പേസ് എക്‌സിന് നല്‍കിയിരിക്കുന്നത്.
2026-ല്‍ മനുഷ്യരെ വഹിച്ചുള്ള വിക്ഷേപണം നിശ്ചയിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥകള്‍ക്ക് പുറത്ത് സ്പേസ് എക്സ് നാസയോട് ആവശ്യപ്പെട്ട കാര്യമാണ് ഒരു പേടകത്തില്‍ നിന്ന് മറ്റൊരു പേടകത്തിലേക്ക് ഇന്ധനം കൈമാറുന്ന ഷിപ്പ് ടു ഷിപ്പ് പ്രൊപ്പല്ലന്റ് ട്രാന്‍സ്ഫര്‍ ഡെമോണ്‍സ്‌ട്രേഷന്‍.ഷിപ്പ് ടു ഷിപ്പ് പ്രൊപ്പല്ലന്റ് ട്രാന്‍സ്ഫര്‍ ഡെമോണ്‍സ്‌ട്രേഷന്‍ 2025 മാര്‍ച്ചില്‍ ആരംഭിക്കുമെന്നും വേനല്‍ കാലത്തോടെ അവസാനിക്കുമെന്നും നാസയുടെ ഹ്യുമന്‍ ലാന്റിങ് സിസ്റ്റം ഡെപ്യൂട്ടി മാനേജര്‍ കെന്റ് ചൊയ്‌നാക്കി സ്‌പേസ് ഫ്‌ളൈറ്റ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഈ ദൗത്യം പൂര്‍ത്തിയായാല്‍ അത് ഭൂമിക്ക് പുറത്തേക്ക് വലിയ അളവില്‍ പോലോഡുകളും ചരക്കുകളും കൊണ്ടുപോവാനുള്ള അവസരം തുറക്കുമെന്ന് അദ്ദേഹം പറയുന്നു. അത്തരം ഒരു സ്റ്റാര്‍ഷിപ്പ് യാഥാര്‍ഥ്യമായാല്‍ ആളില്ലാ സ്റ്റാര്‍ഷിപ്പ് ലാന്‍ഡിങ് പരീക്ഷണമായിരിക്കും അടുത്ത ഘട്ടമെന്നും ചൊയ്‌നാക്കി പറഞ്ഞു.
2025 വേനലില്‍ സ്റ്റാര്‍ഷിപ്പിന്റെ ക്രിട്ടിക്കല്‍ ഡിസൈന്‍ റിവ്യൂ (സിഡിആർ) നടക്കും കരാര്‍ അനുസരിച്ചുള്ള 27 മാനദണ്ഡങ്ങള്‍ സ്റ്റാര്‍ഷിപ്പ് പാലിച്ചിട്ടുണ്ടോ എന്ന് നാസ ഉറപ്പുവരുത്തും. സ്റ്റാര്‍ഷിപ്പിന്റെ അകത്തളം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളും നിര്‍ദേശങ്ങളും അറിയിക്കുന്നതിനായി നാസയുടെ ബഹിരാകാശ സഞ്ചാരികള്‍ സ്‌പേസ് എക്‌സുമായി മാസത്തിലൊരിക്കല്‍ കൂടിക്കാഴ്ച നടത്താറുണ്ടെന്ന് ചൊയ്‌നാക്കി പറഞ്ഞു. ബോക ചിക്കയില്‍ സ്ലീപ്പിംഗ് ക്വാര്‍ട്ടേഴ്‌സും ലബോറട്ടറിയും ഉള്‍പ്പെടെ ക്രൂ ക്യാബിനിന്റെ മാതൃകകള്‍ കമ്ബനി നിര്‍മിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തെ സിഡിആറില്‍ ഇത് എത്തുന്നതിന് മുമ്ബ് ഈ മാസം അകത്തളവുമായി ബന്ധപ്പെട്ട ഡിസൈന്‍ അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് നാസ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
STORY HIGHLLIGHTS : refueling-in-space-spacexs-new-experiment