തിരുവനന്തപുരം: ഇഷ്ടപ്പെട്ട ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനായി കെഎസ്ആർടിസി ബസ് നിർത്താൻ ഇനി ഡ്രൈവർക്കോ കണ്ടക്ടർക്കോ കഴിയില്ല. ദീർഘദൂര യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ ബസ് സ്റ്റാൻഡുകൾക്കു പുറത്തുള്ള ഹോട്ടലുകളുടെ ലിസ്റ്റ് കെഎസ്ആർടിസി ഉടൻ പ്രസിദ്ധീകരിക്കും.
ഹോട്ടലുകളുടെ ലിസ്റ്റും ഏതു സമയത്ത് ബസ് അവിടെ എത്തുമെന്നതും അടക്കമുള്ള വിവരങ്ങൾ യാത്രക്കാർക്കു കാണാവുന്ന വിധത്തിൽ ഡ്രൈവറുടെ കാബിനു പിന്നിൽ പ്രദർശിപ്പിക്കാൻ യൂണിറ്റ് ഓഫിസർമാർക്കു നിർദേശം നൽകി. രാവിലെ 7.30നും 9.30നും ഇടയ്ക്കാണു പ്രഭാത ഭക്ഷണത്തിനായി ബസുകൾ നിർത്തുക. ഉച്ചഭക്ഷണത്തിനായി 12.30 മുതൽ 2 വരെയും സായാഹ്ന ഭക്ഷണത്തിനായി 4 മുതൽ 6 വരെയും രാത്രിഭക്ഷണത്തിന് 8 മുതൽ 11 വരെയുമാകും ബസുകൾ നിർത്തുക. ഭക്ഷണശേഷം ബസ് പുറപ്പെടുന്ന സമയവും യാത്രക്കാരെ അറിയിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.