പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി പുഴയിൽ വീണ തൊഴിലാളിക്കായുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കൊച്ചിൻ പാലത്തിൽ കരാർ തൊഴിലാളികളായ മൂന്നുപേർ ട്രെയിനിടിച്ചു മരിച്ചത്. ഒരാൾ ഭാരതപ്പുഴയിലേക്ക് വീഴുകയും ചെയ്തു.
തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. തങ്ങളുടെ അനുമതിയില്ലാതെ ഇവർ ട്രാക്കിലൂടെ നടക്കുകയായിരുന്നു എന്നാണ് റെയിൽവേയുടെ വിശദീകരണം. എന്നാൽ, സംഭവത്തിൽ റെയിൽവേ വിഭാഗത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുകയാണ്. ഗുരുതര സുരക്ഷ വീഴ്ചയാണ് റെയിൽവേക്ക് സംഭവിച്ചതെന്ന് ഷൊർണൂർ എംഎൽഎ പി. മമ്മിക്കുട്ടി പറഞ്ഞു.
റെയിൽവേ ട്രാക്ക് ശുചീകരണത്തിനായി കരാർ എടുത്ത വ്യക്തിയുടെ തൊഴിലാളികളാണ് മരിച്ചവർ. 10 തൊഴിലാളികളാണ് സംഭവം സമയം ഉണ്ടായിരുന്നത്. ഈ സമയത്താണ് കേരള എക്സ്പ്രസ് വന്നത്. കൈവരി ഇല്ലാത്ത പാലമായതിനാൽ ഇവർക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ സാധിച്ചില്ല. ആറുപേർ ഓടി രക്ഷപ്പെട്ടു. 3 പേർ അപകടത്തിൽപെട്ട് മരിച്ചു. ഇതിനിടെ ഒരാൾ ഭാരതപ്പുഴയിലേക്ക് വീഴുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്മണൻ, റാണി, വള്ളി എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം ട്രാക്കിൽനിന്നാണ് കണ്ടെത്തിയത്.