കൊൽക്കത്ത: ആറുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. ബംഗാളിലെ ആലിപുർദ്വാറിലാണു സംഭവം. മോണ റോയി(42)യാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിയെന്നു കരുതപ്പെടുന്ന ഭക്ത റോയി പൊലീസിനു മുൻപിൽ കീഴടങ്ങി.
കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞു 3 നാണു പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കളും നാട്ടുകാരും ഏറെ തിരച്ചിൽ നടത്തിയതിനുശേഷമാണു സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ മോണ റോയിക്കൊപ്പം കണ്ടതായി സമീപവാസികൾ പറഞ്ഞിരുന്നു. ഇയാൾ കയ്യിലെ രക്തം കഴുകിക്കളയുന്നതായി കണ്ടെന്നു പെൺകുട്ടിയുടെ മുത്തശ്ശിയും ആരോപിച്ചു. റോയിയുടെ വീട്ടിലെത്തിയ മുത്തശ്ശി വീടിനകത്ത് കുട്ടിയുടെ വസ്ത്രങ്ങൾ കണ്ടതായി ആരോപിച്ചതോടെയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. മരത്തിൽ കെട്ടിയിട്ടായിരുന്നു മർദനം. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.