Kerala

ഷൊർണൂർ അപകടം: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല; കരാറുകാരനെതിരെ ക്രിമിനൽ കേസ്

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ കരാർ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു. ഇയാളുടെ കരാർ റദ്ദാക്കിയതായും റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു.

കരാറുകാരൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല. റെയിൽവേ പാലത്തിന് മുമ്പുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാർ നൽകിയിരുന്നത്. ജോലി കഴിഞ്ഞ് 10 തൊഴിലാളികൾ സ്റ്റേഷനിലേക്ക് പോകാൻ റോഡിന് പകരം അനുമതിയില്ലാതെ റെയിൽവേ പാലം ഉപയോഗിക്കുകയായിരുന്നു. ഈ പാലത്തിൽ വേഗ നിയന്ത്രണമില്ലെന്നും റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു. മരിച്ച തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ നൽകാനും തീരുമാനിച്ചു.

അതേസമയം, ട്രെയിൻ തട്ടി പുഴയിൽ വീണ തൊഴിലാളിക്കായുള്ള തിരച്ചിൽ ഞായറാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കൊച്ചിൻ പാലത്തിൽ കരാർ തൊഴിലാളികളായ മൂന്നുപേർ ട്രെയിനിടിച്ചു മരിച്ചത്. ഒരാൾ ഭാരതപ്പുഴയിലേക്ക് വീഴുകയും ചെയ്തു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. റെയിൽവേ ട്രാക്ക് ശുചീകരണത്തിനായി കരാർ എടുത്ത വ്യക്തിയുടെ തൊഴിലാളികളാണ് മരിച്ചവർ.